ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉടനടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയോട്  അപേക്ഷിച്ച് ആംആദ്മിപാര്‍ട്ടി എംഎല്‍എ ഷോയിബ് ഇഖ്ബാല്‍. കോവിഡ് മൂലം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഡല്‍ഹിയുടെ സാഹചര്യം എംഎല്‍എ എന്ന നിലയില്‍ തന്നെ ലജ്ജിപ്പിക്കുന്നതായും ഷോയിബ് ഇഖ്ബാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയായാണ് എംഎല്‍എ തന്റെ ആശങ്ക അറിയിച്ചത്. 

ഡല്‍ഹിയുടെ നിലവിലെ സ്ഥിതി അതിയായ ദുഃഖം ഉളവാക്കുന്നു. രോഗികള്‍ക്ക്  ഓക്‌സിജനോ മരുന്നുകളോ ലഭ്യമല്ല. കോവിഡ് ബാധിതനായ തന്റെ സുഹൃത്തിനാവശ്യമായോ ഓക്‌സിജനോ വെന്റിലേറ്ററോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിനാവശ്യമായ റെംഡെസിവിര്‍ എവിടെ നിന്നാണ് വാങ്ങി നല്‍കേണ്ടതെന്ന് തനിക്കറിയില്ല. ഷോയിബ് പറഞ്ഞു.

ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ആരെയും സഹായിക്കാന്‍ കഴിയാത്തതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അതിയായ ലജ്ജ തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ആറാമത്തെ തവണ എംഎല്‍എയായ ഒരാളായിട്ട് പോലും തന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ഒരാളും തയ്യാറാവുന്നില്ല. ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും എംഎല്‍എ അറിയിച്ചു.

ഡല്‍ഹിയില്‍ വ്യാഴാഴ്ച 24,235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം  395 പേര്‍ മരിക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് ഡല്‍ഹിയില്‍ കോവിഡ് മരണം 300 ന് മുകളിലായി രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്കും ഏറെ കൂടുതലാണ്. 32.82 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. 

 

Content Highlights: AAP MLA Shoaib Iqbal demands President's Rule in Delhi