ഛണ്ഡീഗഢ്: പിഎം കെയേര്‍സ് ഫണ്ടില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കളയുന്നുവെന്ന ആരോപണവുമായി പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ. ഉപയോഗിക്കാതെ കിടക്കുന്ന വെന്റിലേറ്ററുകളുടെ ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്താണ് സംസ്ഥാന സര്‍ക്കാരിനെതിരെ കോട്കപുരയില്‍ നിന്നുളള എഎപി എംഎല്‍എ കുല്‍താര്‍ സിങ് രംഗത്തെത്തിയത്. ഗുരു ഗോബിന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളാണ് എംഎല്‍എ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ രണ്ടാം തരംഗത്തെ നേരിടുന്നതിനിടിയിലും ഇത്തരം നിരുത്തരവാദിത്തപരമായ സമീപനങ്ങള്‍ ഉണ്ടായെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനോട് ആവശ്യപ്പെട്ടു. 

അതേസമയം വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമാണെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിക്ക് വിതരണം ചെയ്ത വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തവയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ഉപേക്ഷിച്ചതെന്നും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ് ബഹദൂര്‍ പറഞ്ഞു. 82 വെന്റിലേറ്ററുകളാണ് കേന്ദ്രം നല്‍കിയത്. ഇതില്‍ 62 എണ്ണവും പ്രവര്‍ത്തിക്കാത്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തനക്ഷമമായ 42 വെന്റിലേറ്ററുകള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിഎം കെയേര്‍സിലൂടെ നല്‍കിയ വെന്റിലേറ്ററുകളില്‍ പലതും ഉപയോഗിച്ചുകൊണ്ടിരിക്കെ കേട് സംഭവിച്ചതാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും പറഞ്ഞു. ആദ്യ രണ്ട് മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് അവ ഉപയോഗശൂന്യമായി. ഗുണമേന്മ കുറഞ്ഞ വെന്റിലേറ്ററുകളാണ് ലഭിച്ചതെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററുകളുടെ കേടുപാടുകള്‍ പരിഹരിക്കാനാവുമോ എന്ന് വിദഗ്ധരെ കൊണ്ട് പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

സംസ്ഥാനത്തിന് 809 വെന്റിലേറ്ററുകള്‍ നല്‍കിയതില്‍ 251 എണ്ണം ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തില്ലെന്നും കാരണം എന്താണെന്നും ആരാഞ്ഞ് ഏപ്രില്‍ 11ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ വെന്റിലേറ്ററുകളില്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മെയ് ഒന്നിന് കേന്ദ്രത്തിന് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എഎഎപി എംഎല്‍എയുടെ ആരോപണം.

Content Highlights: AAP MLA flags ‘non-usage’ of ventilators supplied under PM CARES fund