ന്യൂഡല്‍ഹി: കോവിഡ് വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസ്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കണ്ടെത്തിയ അരവിന്ദ് ഗൗതം എന്ന എഎപി പ്രവര്‍ത്തകന്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. 

ഹിന്ദിയിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'മോദിജി, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായുള്ള വാക്‌സിന്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത' എന്ന് പരിഹാസരൂപേണ കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളിലായിരുന്നു പോസ്റ്ററുകള്‍. 

സംഭവത്തില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം മേയ് 12 ന് ഫയല്‍ ചെയ്ത കേസില്‍ ഇതു വരെ പതിനേഴോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ഡല്‍ഹി പോലീസ്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത സ്ഥലത്തെ കുറിച്ച് യാതൊരു വിവരവും അതിലുണ്ടായിരുന്നില്ലെന്നും പിടിയിലായവരുടെ മൊഴിയില്‍ നിന്ന് അരവിന്ദ് ഗൗതമാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ പോസ്റ്റര്‍ നിര്‍മാണത്തിനുള്ള നിര്‍ദേശം അരവിന്ദ് നല്‍കിയതായും 9,000 രൂപ കൈമാറിയതായും പോലീസ് അറിയിച്ചു. 

കേസില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് എന്നിവരും തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. തന്നെയും അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് രാഹുല്‍ പോസ്റ്റര്‍ ട്വീറ്റ് ചെയ്തു.

പോലീസ് പോസ്റ്റര്‍ നീക്കം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഇതാണ് ആ ചോദ്യത്തിനുള്ള ഉത്തരമെന്ന് എംഎല്‍എ മുകേഷ് അഹ് ലാവത്ത് ട്വീറ്റ് ചെയ്തു. 

 

Content Highlights: AAP Member Paid Rs 9,000 For Posters Against PM, On The Run Says Police