ന്യൂഡല്‍ഹി:  ബി ജെ പി മുന്‍നേതാവ് യശ്വന്ത് സിന്‍ഹയെയും ബി ജെ പിയിലെ വിമതശബ്ദമായ ശത്രുഘ്‌നന്‍ സിന്‍ഹയെയും ഡല്‍ഹിയില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 

ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്ന വിഷയത്തില്‍ യശ്വന്ത് സിന്‍ഹയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രണ്ട് മുതിര്‍ന്ന എഎപി നേതാക്കളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യശ്വന്ത് സിന്‍ഹ ബി ജെ പിയില്‍നിന്ന് രാജിവച്ചത്. 

ശത്രുഘ്‌നന്‍ സിന്‍ഹയെ വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ്‌ എഎപിയുടെ ആലോചന. നിലവില്‍ ബിഹാറിലെ പട്‌ന സാഹിബില്‍നിന്നുള്ള എം പിയാണ് സിന്‍ഹ. 

യശ്വന്ത് സിന്‍ഹയോടും ശത്രുഘ്‌നന്‍ സിന്‍ഹയോടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ രണ്ടാഴ്ച മുമ്പ് പൊതുപരിപാടിയില്‍ വച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ എഎപി ആലോചിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. 

സെപ്റ്റംബര്‍ ഒമ്പതിന് എഎപിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ് നടത്തിയ ദശദിന പദയാത്രയില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും കേജ്‌രവാളിനൊപ്പം വേദി പങ്കിട്ടിരുന്നു. ഈ ചടങ്ങില്‍ വച്ചാണ് ഇരുനേതാക്കളോടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. 

content highlights: AAP may field yaswanth sinha and sathrughnan sinha in 2019 loksabha election from delhi says reports