ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് സിങ്.  ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ വാരണാസിയില്‍നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഡല്‍ഹിയുടെ ഭരണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ഥിയെ വാരണാസിയില്‍ മത്സരിപ്പിക്കും. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഗോവ എന്നിവിടങ്ങളിലെ ലോക്‌സഭ സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ ചിലയിടങ്ങളിലും ആംആദ്മി മത്സരിക്കുമെന്നും രാജ്യസഭ എം.പി കൂടിയായ സഞ്ജയ് സിങ് പറഞ്ഞു. 

ആംആദ്മി ശക്തമായ ഇടങ്ങളിലെല്ലാം മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക മേഖലകളുടെ വികസനവും കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ആംആദ്മി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ ഇതേവിഷയങ്ങള്‍ക്ക് പുറമേ തൊഴിലില്ലായ്മ അവസാനിപ്പിക്കാനും സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്താനും ഞങ്ങള്‍ പ്രവര്‍ത്തിക്കും- അദ്ദേഹം വ്യക്തമാക്കി. 

Content Highlights: aap leader aravind kejriwal wont contest in loksabha elections