ന്യൂഡല്‍ഹി; തുടര്‍ച്ചയായ മൂന്നാംതവണയും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണം പിടിച്ചെടുത്ത ദിവസം അരവിന്ദ് കെജരിവാളിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ താരമായത് ഒരു കുഞ്ഞു കെജ്‌രിവാളായിരുന്നു. കെജ്‌രിവാളിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്‌ളറും  അണിഞ്ഞ് ഡല്‍ഹി തെരുവില്‍ വിജയം ആഘോഷിച്ച് താരമായ ഈ കൊച്ചു മിടുക്കന് (അവ്യാന്‍ തോമര്‍) അപ്രതീക്ഷിത സമ്മാനം നല്‍കി എഎപി പാര്‍ട്ടി നേതൃത്വം. 

ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവാണ് വെറും ഒരു വയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമര്‍. 'സ്യൂട്ട് അപ്പ് ജൂനിയര്‍' എന്ന അടിക്കുറിപ്പില്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എഎപി നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസവും എഎപി അവ്യാന്‍ തോമറിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 

കെജ്‌രിവാള്‍ ഉപയോഗിക്കാറുള്ള കറുപ്പ് മഫ്‌ളറിന് സമാനമായ മഫ്‌ളര്‍ അണിഞ്ഞെത്തിയ അവ്യാനെ 'ബേബി മഫ്‌ളര്‍' എന്ന പേരിലാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. രാജ്യതലസ്ഥാനത്തെ എഎപി പ്രവര്‍ത്തകരായ രാഹുല്‍ തോമറിന്റെയും മികാഷിയുടെയും മകനാണ് ഒരു വയസുകാരനായ അവ്യാന്‍ തോമര്‍. അച്ഛനൊപ്പം തോളിലേറിയാണ് കുഞ്ഞു കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിറങ്ങിയിരുന്നതും.

content highlights; AAP Invites Baby Mufflerman To Arvind Kejriwal Oath