ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ലഷ്മിപൂജ പരിപാടിക്കും ദീപാവലി തത്സമയം സംപ്രേക്ഷണം ചെയ്തതിനുമായി ഡല്‍ഹി ആംആദ്മി സര്‍ക്കാര്‍ ആറ് കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. ഡല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി ആക്റ്റിവിസ്റ്റായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

2020 നവംബര്‍ 14 ലെ ലക്ഷ്മി പൂജ പരിപാടിക്കും അരവിന്ദ് കെജ്‌രിവാളിന്റെ തത്സമയ സംപ്രേഷണത്തിനുമായി ഡല്‍ഹി സര്‍ക്കാര്‍ നികുതിദായകരുടെ ആറ് കോടി ചെലവഴിച്ചുവെന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. 30 മിനിറ്റ് പരിപാടിക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്നും ഒരു മിനിറ്റിന് 20 ലക്ഷം രൂപ ചെലവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉയര്‍ന്ന മലിനീകരണ തോത് കണക്കിലെടുത്ത് ദീപാവലി ആഘോഷ വേളയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പകരം ഉത്സവ ദിനത്തില്‍ ലക്ഷ്മി പൂജയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അക്ഷര്‍ധാം ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ, സാകേത് ഗോഖലെയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ കുമാര്‍ അരവിന്ദ് കെജ്‌രിവാളിനെതിരേ ആഞ്ഞടിച്ചു. ശമ്പളം ലഭിക്കാത്തതിന് ഡോക്ടര്‍മാരും നേഴ്‌സുമാരും നിരാഹാരമിരിക്കുമ്പോള്‍ മുഖ്യമന്ത്രി പണം ചെലവഴിച്ച് പബ്ലിസിറ്റി നേടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

Content Highlights: AAP govt spent Rs 6 crore on Diwali Laxmi Puja event in Delhi: Activist cites RTI reply