ന്യൂഡല്‍ഹി: രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതില്‍ എഎപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് നാല് പ്രതികളുടെയും വധശിക്ഷ ഇത്ര വൈകാന്‍ കാരണമെന്ന് പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷത്തോളം കഴിഞ്ഞാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ് പ്രതികള്‍ക്ക് കൈമാറിയത്. കോടതി വിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികള്‍ക്ക് സര്‍ക്കാര്‍ ഈ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. 

അതേസമയം, പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി ബുധനാഴ്ച ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു. നടപടിക്രമമനുസരിച്ച് ലെഫ്. ഗവര്‍ണര്‍ ദയാഹര്‍ജി തുടര്‍നടപടികള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ജനുവരി 22-ന് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനാല്‍ അന്നേദിവസം ശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Content Highlights; AAP govt's negligence behind delay in hanging of Nirbhaya gangrape convicts Prakash Javadekar