പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭാ ഭരണം 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിക്ക് നഷ്ടപ്പെട്ടു. അതിവേഗം വളരുന്ന ആംആദ്മി പാര്‍ട്ടി 134 സീറ്റ് നേടിയാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കിയത്. രാജ്യ തലസ്ഥാനത്തെ വലിയ കോര്‍പ്പറേഷന്റെ അമരത്തേക്ക് ആംആദ്മി പാര്‍ട്ടി എത്തുമ്പോള്‍ ബിജെപിയ്ക്ക് അത് വലിയ തിരിച്ചടിയാണ്. കെജ്രിവാളിന് ദേശീയ രാഷ്ട്രീയത്തിലെ സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള വഴിയിലെ ഒരു വലിയ വിജയം.
ആംആദ്മി പാര്‍ട്ടിക്കാരുടെ ആഹ്ലാദം ഡല്‍ഹിയിലെ തെരുവുകളിലാകെ നിറഞ്ഞൊഴുകുകയാണ്. മൂന്ന് നഗരസഭകള്‍ ചേര്‍ത്ത് ഒറ്റ നഗരസഭയാക്കി മാറ്റി, വാര്‍ഡ് പുനര്‍വിഭജനം നടത്തി വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനംവരെ നടത്തിയതാണ് ബിജെപി. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും തന്നെ വാര്‍ഡുകളില്‍ പ്രചാരണത്തിനിറങ്ങി. ആംആദ്മി പാര്ട്ടിക്കാര് അഴിമതിക്കാരാണെന്ന് പ്രചരിപ്പിച്ചു. പക്ഷേ, 15 വര്‍ഷം ഭരിച്ച നഗരസഭയിലെ വികസനത്തെക്കുറിച്ച് ജനങ്ങളോട് പറയാന്‍ ബിജെപി മറന്നു. അത് ജനങ്ങള്‍ മനസ്സിലാക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
രാജ്യതലസ്ഥാനത്തെ മേയര്‍ സ്ഥാനത്തേയ്ക്ക് ആംആദ്മി പാര്‍ട്ടി എത്തുമ്പോള്‍ അത് പാര്‍ട്ടിയ്ക്ക് പുതിയ അടിത്തറ സമ്മാനിക്കുകയാണ്. പതിറ്റാണ്ടുകളായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിയ്ക്ക് മുന്നില്‍ അടിയറവ് പറയുമ്പോള്‍ ആംആദ്മി പാര്‍ട്ടി തുടര്‍ച്ചയായി വിജയവഴിയില്‍ സഞ്ചരിക്കുന്നു. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൂടുതല്‍ ഇടം നല്‍കും. ഡല്‍ഹി മോഡല്‍ വികസനം എന്ന കെജ്രിവാളിന്റെ വാഗ്ദാനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഈ വിജയം ശക്തിപകരും.
കേന്ദ്രഭരണ പ്രദേശം എന്ന നിലയിലുള്ള പലതരം നിയന്ത്രണങ്ങള്‍ ഡല്‍ഹി ഭരിക്കുമ്പോള്‍ എഎപി നേരിടുന്നു. നഗരസഭാ ഭരണവും ബിജെപി ആയതോടെ അടിസ്ഥാന വിഷയങ്ങളില്‍ പലതിലും എഎപിയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അത് മാറുമ്പോള്‍ പുതിയ സാധ്യതകള്‍ തുറന്നുവരും. ആ സാധ്യത പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണമാകുകയും ചെയ്യും.
പക്വമായിരുന്നു വിജയശേഷം കെജ്രിവാള് നടത്തിയ പ്രസംഗം. മാറ്റം കൊണ്ടുവന്നതിന് നന്ദി, എഎപിയ്ക്ക് വോട്ട് ചെയ്തവരോട് നന്ദി. വോട്ട് ചെയ്യാത്തവരുടെ ആശങ്കകള്‍ ആദ്യം പരിഗണിക്കും. മികച്ച ഭരണത്തിനായി പ്രധാനമന്ത്രിയുടെ ആശിര്‍വാദവും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും സഹകരണവും വേണം എന്ന് കെജ്രിവാള് പ്രസംഗിച്ചു.
വോട്ട് ശതമാനക്കണക്കുകള്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് അത്രയധികം സന്തോഷം പകരുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ 16 ശതമാനം വോട്ട് എഎപിയ്ക്ക് ലഭിച്ചു. എന്നാല്‍ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 54 ശതമാനം എന്ന വലിയ വോട്ട് ശതമാനത്തേക്കാള്‍ 12 ശതമാനം കുറവ് രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായി. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ 36 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. ഇത്തവണ ഭരണം പോയെങ്കിലും വോട്ട് വിഹിതം 39 ശതമാനമായി കൂടി.
കോണ്‍ഗ്രസിന്റെ സീറ്റ് 19 എണ്ണവും വോട്ട് ശതമാനം ഒന്‍പത് ശതമാനവും കുറഞ്ഞു. എന്നാല്‍ ഷഹീന് ബാഗ് ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മേഖലയിലും കലാപം നടന്ന സ്ഥലങ്ങളിലും ജനങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. കലാപത്തോട് ആംആദ്മി നേതൃത്വം കാണിച്ച സമീപനം, ബുള്‍ഡോസര്‍ നടപടിയോട് കാണിച്ച സമീപനം എന്നിവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്കെതിരായി വിലയിരുത്തപ്പെട്ടു. അപ്പോഴും കോണ്‍ഗ്രസിന്റെ വോട്ട് 12 ശതമാനം മാത്രമാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസിന് തിരിച്ചുവരവിലേക്ക് ഒരു പാട് ദൂരമുണ്ടെന്ന് ഈ തിരഞ്ഞെടുപ്പും സൂചന നല്കുന്നു. അജയ്യരായി മുന്നേറിയ ബിജെപിയ്ക്ക് കെജ്രിവാള് നല്കിയ ബ്രേക്കായി ഡല്‍ഹിയിലെ പരാജയം. മറ്റ് സംസ്ഥാനങ്ങളില്‍ വേറുറപ്പിക്കാനുള്ള എഎപി ശ്രമത്തിന് ആക്കം കൂട്ടുന്നതു കൂടിയാണ് ഈ വിജയം.
Content Highlights: AAP ends 15-year BJP rule in MCD
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..