കപിൽ ഗുജ്ജർ. File Photo: ANI
ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതിന് അറസ്റ്റിലായ കപില്‍ ഗുജ്ജര്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന ഡല്‍ഹി പോലീസിന്റെ വാദത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. കപില്‍ ഗുജ്ജര്‍ ആം ആദ്മി പാര്‍ട്ടിയംഗമാണെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആപ്പ് നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
താന്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമികാംഗമാണെന്ന് കപില്‍ മിശ്ര സമ്മതിച്ചുവെന്നായിരുന്നു ചൊവ്വാഴ്ച വൈകിട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കിയത്. ആം ആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്ങിനും അതിഷിക്കുമൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ കപിലിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് വൈകിട്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ പോലീസ് ബാരിക്കേഡിനു സമീപത്തുവെച്ച് കപില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.
കപിലിന്റെ ഫോണില്‍നിന്ന് കണ്ടെടുത്ത ഫോട്ടോകള്‍ക്ക് ഒരുവര്‍ഷത്തോളം പഴക്കമുണ്ടെന്നും കപിലും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന സമയത്തേതാണ് ഇതെന്നുമാണ് പോലീസ് പറയുന്നത്. ഫോട്ടോകള്‍ എടുത്തത് എന്നാണെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.
അന്വേഷണം പൂര്‍ത്തിയാകാതിരിക്കുകയും, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടതിനെതിരെയാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷാ എല്ലാ തന്ത്രങ്ങളും ഗൂഢാലോചനകളും പ്രയോഗിക്കുകയാണെന്ന് സഞ്ജയ് സിങ് ആരോപിച്ചു. നിങ്ങള്‍(ഡല്‍ഹി പോലീസ്) തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണ്. അങ്ങനെയാണെങ്കില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ താമര ധരിക്കണം- സഞ്ജയ് സിങ് പറഞ്ഞു. പോലീസ് ബി.ജെ.പി.യുടെ കളിപ്പാവകളായി മാറിയിരിക്കുകയാണെന്ന് ആരോപിച്ച സഞ്ജയ് സിങ്, ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ ബി.ജെ.പിയുടെ വക്താവിനെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
content highlights: aap criticises police claim of shaheenbagh shooter as aam admi party member
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..