ന്യൂഡല്‍ഹി: 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍. ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അരവിന്ദ് കെജിരിവാള്‍. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 

ഇതിനിടെ കെജിരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാദ്‌വി ആം ആദ്മിയില്‍ ചേര്‍ന്നു. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ആം ആദ്മി ഇസുദാന്‍ ഗാദ്‌വി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗാദ്‌വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജിരിവാളും ട്വീറ്റ് ചെയ്തു. 

നേരത്തെ, 2021 സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 120ല്‍ 27 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപാലിറ്റി, ജില്ലാ, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആം ആദ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. 

Content Highlights: Aam Aadmi Party to Contest 2022 Gujarat Assembly Polls on All Seats, Announces Arvind Kejriwal