നഷ്ടപ്പെടുന്നത് 4-ാമത്തെ പദ്ധതി; എയര്‍ബസ്-ടാറ്റാ പ്ലാന്റ് വിഷയത്തില്‍ ഷിന്ദേ സര്‍ക്കാരിനെതിരെ ആദിത്യ


ആദിത്യ താക്കറേ | Photo : PTI

മുംബൈ: സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മാണപ്ലാന്റ് മഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയതിന്റെ പ്രധാനകാരണം ഷിന്ദേ സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് മഹാരാഷ്ട്ര മുന്‍മന്ത്രി ആദിത്യ താക്കറേ. സംസ്ഥാനപുരോഗതിയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഷിന്ദേയുടെ അനാസ്ഥ മൂലമാണ് 22,000 കോടിയിലധികം രൂപയുടെ പദ്ധതി അയല്‍സംസ്ഥാനത്തേക്ക് മാറിപ്പോകുന്നതിന് ഇടയാക്കിയതെന്നും ആദിത്യ താക്കറേ ആരോപിച്ചു. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഷിന്ദേ പരാജയപ്പെട്ടതായും ആദിത്യ താക്കറേ പറഞ്ഞു. രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്രക്കമ്പനിയായ ടാറ്റയും യൂറോപ്പിലെ വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസും കൈകോര്‍ക്കുന്ന വിമാനനിര്‍മാണപദ്ധതി മഹാരാഷ്ട്രയിലാണ് ആരംഭിക്കുന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പുരിന് സമീപം എയര്‍ക്രാഫ്റ്റ് നിര്‍മാണകേന്ദ്രം ആരംഭിക്കുമെന്ന് ഷിന്ദേയുടെ വിശ്വസ്തനും സംസ്ഥാന വ്യവസായമന്ത്രിയുമായ ഉദയ് സാമന്ത് സെപ്റ്റംബറില്‍ പറയുകയും ചെയ്തു.

ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്ന ഷിന്ദേ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം മഹാരാഷ്ട്രയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ പദ്ധതിയാണ് ഇതെന്നും താക്കറേ കുറ്റപ്പെടുത്തി. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണെന്ന് ആത്മപ്രശംസ നടത്തുന്ന സംസ്ഥാനസര്‍ക്കാരിന്റെ എന്‍ജിന്‍ തകരാറിലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ എന്‍ജിന്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആദിത്യ താക്കറേ പരിഹസിച്ചു. പുണെയിലെ ഷിരൂരില്‍ മഴക്കെടുതി മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയതിനിടെയാണ് ആദിത്യ താക്കറേ സംസ്ഥാനസര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പിതാവായ ഉദ്ധവ് താക്കറേയുടെ ഭരണകാലത്ത് സംസ്ഥാനത്തേക്ക് മഹാമാരിക്കാലത്ത് പോലും നിക്ഷേപസമാഹരണം നടന്നിരുന്നതായും ഷിന്ദേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണപരാജയമാണെന്ന് തെളിയിച്ചിരിക്കുന്നതായും ആദിത്യ താക്കറേ കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശനം നടത്തുന്നത് മഹാരാഷ്ട്രയ്ക്ക് വേണ്ടിയല്ലെന്നും മറിച്ച് സ്വന്തം ഉന്നമനത്തിനാണെന്നും താക്കറേ പറഞ്ഞു. ടാറ്റ-എയര്‍ബസ് മഹാരാഷ്ട്രയില്‍ ആരംഭിക്കുമെന്ന് ഷിന്ദേ ഒരിക്കലും പറഞ്ഞ് താന്‍ കേട്ടിട്ടില്ലെന്നും വേദാന്ത ഫോക്‌സ്‌കോണ്‍, ബള്‍ക്ക് ഡ്രഗ് പാര്‍ക്ക്, മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, ഇപ്പോള്‍ ടാറ്റ-എയര്‍ബസ് എല്ലാം ഗുജറാത്തിലേക്ക് പോയതായും ആദിത്യതാക്കറേ കൂട്ടിച്ചേര്‍ത്തു. നൂതനപദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിലല്ല മറിച്ച് മഹാരാഷ്ട്രയിലേക്ക് വരാത്തതിലാണ് തനിക്ക് വിഷമമെന്നും മഹാരാഷ്ട്രയുടെ മേന്മ കാരണം വലുതും ചെറുതുമായ പദ്ധതികള്‍ സംസ്ഥാനത്തേക്ക് വന്നിരുന്നതായും എന്നാല്‍ ഇപ്പോള്‍ അവ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും താക്കറേ പറഞ്ഞു. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുന്‍സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വിമാനനിര്‍മാണപദ്ധതി കൈവിട്ടുപോകാന്‍ കാരണമെന്ന് ബിജെപി തിരിച്ചടിച്ചു. മഹാ വികാസ് അഘാടി സര്‍ക്കാര്‍ നിര്‍ദ്ദിഷ്ട പദ്ധതി സംബന്ധിച്ച് വേണ്ട തുടര്‍നടപടികളിലേക്ക് കടക്കാത്തതിനാലാണ് സംസ്ഥാനത്തിന് പദ്ധതി നഷ്ടമാകാന്‍ കാരണമെന്നും ബിജെപി മറുപടി നല്‍കി. ഒരുവര്‍ഷം മുമ്പാണ് ടാറ്റ-എയര്‍ബസ് പദ്ധതിയുടെ കരാര്‍ മുന്നോട്ടുവെച്ചതെന്നും അന്ന് ആരായിരുന്നു ഭരണത്തിലെന്ന് ഓര്‍മിച്ചാല്‍ പദ്ധതി നഷ്ടമാകാന്‍ കാരണമാരെന്ന് കൃത്യമായി മനസിലാക്കാമെന്നും ബിജെപി നേതാവ് പ്രവീണ്‍ ദരേക്കര്‍ പ്രതികരിച്ചു. പദ്ധതിയ്ക്ക് വേണ്ടി മുന്‍സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ദരേക്കര്‍ കുറ്റപ്പെടുത്തി.


Content Highlights: Aaditya Thackeray, the Shinde government, Eknath Shinde, Maharashtra, Tata-Airbus aircraft project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented