ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീം കോടതി ഉത്തരവായി. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, പാന്‍കാര്‍ഡ്, ക്രഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്. എല്ലാ സേവനങ്ങള്‍ക്കും സമയപരിധി ബാധകമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് കോടതി അറിയിച്ചു.

ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇടക്കാല സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. പകരം സേവനങ്ങള്‍ 31വരെ നീട്ടാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് കോടതി ചെയ്തത്.

അതേസമയം ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്ന ഉത്തരവിൽ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ടുകൾ ഒരാൾ തുറക്കുമ്പോൾ അയാൾ ആധാർ ഉള്ളയാളാണെങ്കിൽ അക്കൗണ്ട് തുറക്കുന്ന സമയത്ത് ആധാർ വിവരങ്ങൾ ബാങ്കിൽ നൽകണം. ആധാർ ഇല്ലാത്തയാളാണെങ്കിൽ ആധാറിന് അപേക്ഷിച്ചുവെന്നുള്ള എന്റോൾമെന്റ് നമ്പർ നൽകണം.

അതായത് ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ നമ്പർ നിർബന്ധമാണെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്. നിരവധി വ്യാജ അക്കൗണ്ടുകള്‍ രാജ്യത്ത് തുറക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്.

ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജനുവരി 17ന് സുപ്രീംകോടതിയില്‍ അന്തിമ വാദം തുടങ്ങും. ഇത് മര്‍ച്ച് 31നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രമേ തീയതി ഇനി നീട്ടുന്നതിനെ കുറിച്ച് ആലോചനയുണ്ടാവൂ.