പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ആധാര്‍ ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴി മേല്‍വിലാസം പുതുക്കാന്‍ സൗകര്യമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). കുടുംബനാഥന്/കുടുംബനാഥയുടെ അനുമതിയോടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ മേല്‍വിലാസം പുതുക്കാനാകുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കുടുംബനാഥനും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലും ഹാജരാക്കുന്നതിലൂടെ മേല്‍വിലാസം പുതുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാം. കുടുംബനാഥന് ലഭിക്കുന്ന ഒടിപിയും ഇതിന് ആവശ്യമാണ്.
കുടുംബനാഥന്/കുടുംബനാഥയും അപേക്ഷനും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ യുഐഡിഎഐ നിര്‍ദേശിക്കുന്ന നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം കുടുംബനാഥന്/നാഥ സമര്‍പ്പിക്കുന്ന പക്ഷം മേല്‍വിലാസം പുതുക്കാവുന്നതാണെന്ന് പ്രസ്താവനയില്‍ പറയുന്നു. കുട്ടികള്‍, പങ്കാളി, മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി ഓണ്‍ലൈനിലൂടെ മേല്‍വിലാസം പുതുക്കാം.
വിവിധ കാരണങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ പലയിടങ്ങളിലേക്ക് താമസം മാറേണ്ടിവരുന്ന ലക്ഷക്കണക്കിന് ആധാര്‍ ഉടമകള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും കുടുംബനാഥന്/നാഥയുടെ സ്ഥാനം ഏറ്റെടുക്കാനും മേല്‍വിലാസം പുതുക്കുന്ന പ്രക്രിയയ്ക്ക് വേണ്ടി അവരുടെ മേല്‍വിലാസം ബന്ധുക്കളിലൂടെ സമര്‍പ്പിക്കാനും സാധിക്കും.
മേല്‍വിലാസം പുതുക്കുന്നതിനായി മൈ ആധാര്‍ (My Aadhar) എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്. ഇതിലൂടെ കുടുംബനാഥന്/നാഥയുടെ ആധാര്‍ നമ്പര്‍ നല്‍കാനുള്ള അനുമതി ലഭിക്കും. ആധാര്‍ നമ്പര്‍ ഒഴികെ മറ്റൊരു വിവരവും സ്ക്രീനില്‍ ലഭ്യമാകില്ല. സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തിലൊരു സംവിധാനം. സാധുവായ ആധാര്‍ നമ്പര്‍ നല്കിക്കഴിഞ്ഞാല് ബന്ധം തെളിയിക്കുന്നതിനുള്ള രേഖ അപ് ലോഡ് ചെയ്യാം. ഈ സേവനത്തിനായി 50 രൂപ ഫീസ് നല്‍കണം. ഫീസ് ഒടുക്കിക്കഴിഞ്ഞാല്‍ ഒരു സര്‍വീസ് റിക്വസ്റ്റ് നമ്പറും (SRN) ഒരു എസ്എംഎസും കുടുംബനാഥന്/നാഥയ്ക്ക് ലഭിക്കും.
ഇത് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ കുടുംബനാഥന്/ കുടുംബനാഥ മൈ ആധാര്‍ പോര്‍ട്ടലിലൂടെ തന്റെ അനുമതി അറിയിക്കണം. ഇതിനുശേഷം മേല്‍വിലാസം പുതുക്കുന്ന പ്രക്രിയ ആരംഭിക്കും. ഒരുപക്ഷെ, കുടുംബനാഥന്റെ/നാഥയുടെ അനുമതി ലഭിക്കാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ അപേക്ഷയുടെ സാധുത അവസാനിക്കും. ഇത് അപേക്ഷകന് എസ്എംഎസ് വഴി അറിയിപ്പായി ലഭിക്കും. അപേക്ഷ നിരാകരിക്കപ്പെട്ടാല്‍ ഇതിനായി നല്കിയ ഫീസ് മടക്കി നല്‍കുന്നതല്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Aadhaar Holders Can Now Update Addresses Online With Consent Of Family Head
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..