ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, എ.എ. റഹീം | Photo: PTI, Mathrubhumi
തിരുവനന്തപുരം: റിട്ട. സുപ്രീംകോടതി ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ആന്ധ്രാ പ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെതിരെ രാജ്യസഭാ എം.പി. എ.എ. റഹീം. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും വാഗ്ദാനം ജസ്റ്റിസ് അബ്ദുള്‍ നസീര്‍ നിരസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമവ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടുകൂടാ. മോദി സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും എ.എ. റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
സുപ്രീംകോടതിയില്‍ നിന്ന് ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീര്‍ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നേയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രാ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. അയോധ്യ കേസില്‍ അന്തിമ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു ഇദ്ദേഹം എന്നോര്‍ക്കണം.
2021 ഡിസംബര്‍ 26-ന് ഹൈദരാബാദില്‍ നടന്ന അഖില്‍ ഭാരതീയ അധിവക്ത പരിഷത്ത് നാഷണല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാര്‍ അഭിഭാഷക സംഘടനയാണിത്. അവിടുത്തെ പ്രസംഗത്തില്‍, 'ഇന്ത്യന്‍ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന്' അഭിപ്രായപ്പെട്ട ആളാണ് അബ്ദുല്‍ നസീര്‍.
ഉന്നത നീതിപീഠത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപന്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളില്‍ കണ്ടത്. ഇപ്പോള്‍ അദ്ദേഹത്തിന് ഗവര്‍ണ്ണര്‍ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ കേന്ദ്രസര്‍ക്കാര്‍ നീക്കം.
ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുല്‍ നസീര്‍ നിരസിക്കുകയാണ് വേണ്ടത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ.മോദി സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണ്.
Content Highlights: aa rahim mp response on rtd justice abdul nazeer appointment as andhra pradesh governor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..