ന്യൂഡല്‍ഹി: ഡ്രൈവറിന്റെ മനസ്സാന്നിധ്യം കൊണ്ട് മാത്രം ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ ഒഴിഞ്ഞത് വലിയൊരപകടം. ദാദ്രി-ലുഹാര്‍ലി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ ബ്രേക്കിലുണ്ടായ തകരാറ് മൂലം കുറച്ച് സെക്കന്‍ഡുകള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളില്‍ ഇടിച്ചുണ്ടാകേണ്ടിയിരുന്ന വലിയൊരപകടം ഡ്രൈവറിന്റെ ജാഗ്രത കൊണ്ട് ഒഴിവായി. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തിന്റെ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി കാണാം. 

ടോള്‍ബൂത്തില്‍ പണം നല്‍കാന്‍ നിര്‍ത്തിയിട്ടിരിക്കുന്നതും നീങ്ങുന്നതുമായ വാഹനങ്ങള്‍ക്ക് പിന്നിലായി വലിയൊരു ട്രക്ക് പ്രത്യക്ഷപ്പെടുന്നതും പിന്നീട് പെട്ടെന്ന് വാഹനങ്ങളുടെ ഭാഗത്ത് നിന്ന് ഇടത്തേക്ക് ഒഴിഞ്ഞു മാറി വാഹനങ്ങളില്ലാത്ത ലെയ്‌നിലൂടെ മുന്നിലുള്ള ചെറിയ ബോര്‍ഡുകളും ഡിവൈഡറും ഇടിച്ചു തെറിപ്പിച്ച് മുന്നിലേക്ക് നീങ്ങി പൊടുന്നനെ നില്‍ക്കുന്നതും വീഡിയോദൃശ്യത്തില്‍ കാണാം.

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനും വലിയൊരപകടം ഒഴിവാക്കാനും സഹായിച്ചുവെന്ന് തീര്‍ച്ചയായും പറയാം. 

ടോള്‍പ്ലാസകളിലെ വാഹനാപകടങ്ങള്‍ അസാധാരണമല്ല. 2020 ഡിസംബറില്‍ മധ്യപ്രദേശിലെ സിയോണി ടോള്‍പ്ലാസയില്‍ നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഒരു ടാങ്കറില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം. 

 Content Highlights: A Truck Driver Averted A Crash After Brake Fails At Toll Plaza