ഭാരത് ജോഡോ യാത്രയിൽ ചാണ്ടി ഉമ്മൻ, അനിൽ ആന്റണി
ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. ഒരേ സംസ്ഥാനത്തെ രണ്ട് മുഖ്യമന്ത്രിമാരുടെ ആണ്മക്കളുടെ കഥ എന്ന് വിവരിച്ചുകൊണ്ടാണ് ജയറാം രമേശ് ട്വിറ്ററിലൂടെ പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രതിരോധത്തിലാക്കിയ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ട് അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു. ഈ നിലപാട് വിവാദമായതോടെ പാര്‍ട്ടി പദവികള്‍ അനില്‍ ആന്റണി രാജിവെക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ ട്വീറ്റ്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനേയും യാത്രയെ അവഗണിച്ച എ.കെ.ആന്റണിയുടെ മകന് അനില്‍ ആന്റണിയേയും താരതമ്യംചെയ്താണ് വിമര്‍ശനം.
'ഒരേ സംസ്ഥാനത്തെ രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്മക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണനായി നടക്കുന്നു. മറ്റൊരാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള തന്റെ കടമകള്‍ അവഗണിച്ചുകൊണ്ട് ജനശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിക്കുന്നു', ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അനില്‍ ആന്റണിയുടെ നിലപാട് വിവാദമാകുകയും കോണ്‍ഗ്രസില്‍നിന്ന് രൂക്ഷവിമർശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടും എ.കെ.ആന്റണി പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Content Highlights: A Tale of Two Sons of Two CMs from the same state-Jairam Ramesh criticizes ak Antony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..