ജയ്പുര്‍:വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന വാദം കേള്‍ക്കലിന് അഭിഭാഷകന്‍ ബനിയന്‍ ധരിച്ചുവന്നതിനെ തുടര്‍ന്ന് ജഡ്ജി കേസ് കേള്‍ക്കാന്‍ തയ്യാറായില്ല. കേസ് മെയ് അഞ്ചിന് വീണ്ടും പരിഗണിക്കും. രാജസ്ഥാനിലാണ് സംഭവം. 

ഹര്‍ജിക്കാരനായ ലാല്‍റാമിന് വേണ്ടി ഹാജരായ രാജസ്ഥാന്‍ ഹൈക്കോടതി അഭിഭാഷകനായ രവീന്ദ്ര കുമാര്‍ പാലിവാള്‍ ആണ് വാദത്തിന് ബനിയന്‍ ധരിച്ചെത്തിയത്. അഭിഭാഷകന്‍ യൂണിഫോമില്‍ ഹാജരാകാതിരുന്നതിനെ ഹൈക്കോടതി ജയ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ വിമര്‍ശിച്ചു. 

പ്രതിയുടെ ജാമ്യാപേക്ഷ തളളാന്‍ ജഡ്ജി തീരുമാനിച്ചെങ്കിലും അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ അപമര്യാദയോടെയുള്ള പെരുമാറ്റത്തിന് പ്രതിയെ ശിക്ഷിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജിത്സി മീറ്റ് ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മുഖാന്തരം അടിയന്തരവാദങ്ങള്‍ കേള്‍ക്കുന്നുണ്ട്. 

വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി പ്രവര്‍ത്തനം നടക്കുന്ന കോവിഡ് 19 മഹാമാരിയുടെ സമയത്ത് പ്രതിയുടെ അഭിഭാഷകന്‍ തീര്‍ച്ചയായും യൂണിഫോമില്‍ ഹാജരാകണം. അപേക്ഷകന്റെ അഭിഭാഷകന്‍ യൂണിഫോമിലല്ല ഇന്ന് കോടതിയില്‍ ഹാജരായത് എന്നത് കണക്കിലെടുത്ത് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കുന്നു.' കോടതി പറഞ്ഞു. 

ഈ മാസം ആദ്യം സമാനമായ സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകര്‍ യൂണിഫോമില്‍ ഹാജരാകണമെന്ന് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 

Content Highlights: A Rajasthan High Court lawyer appeared in an online bail hearing in a vest, drawing the ire of judge