എ. രാജ | Photo: ANI
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍കേന്ദ്രമന്ത്രി എ. രാജ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളില്‍ ദൈനംദിനം വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സി.ബി.ഐ. ആവശ്യപ്പെട്ടു. അതിന് സാധിച്ചില്ലെങ്കില്‍ അപ്പീലില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നല്‍കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു.
കുറ്റവിമുക്തരാക്കിയതിന്റെ പേരില്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹൈക്കോടതിയില്‍ സി.ബി.ഐ. ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സി.ബി.ഐയുടെ ആവശ്യം അടിയന്തിരമായി അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തയ്യാറായില്ല. വിചാരണ കോടതി ഉത്തരവിനെതിരെ സി.ബി.ഐ. നല്‍കിയ അപ്പീലുകള്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സി.ബി.ഐയുടെ ആവശ്യം വിവേചനപരമാണെന്ന് കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട ഷാഹിദ് ബല്‍വാ, വിനോദ് ഗോയങ്ക എന്നിവരുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
ദയാനിധി മാരന്‍, ശ്യാമള്‍ ഘോഷ് എന്നിവരെ മറ്റൊരു കേസില്‍ കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് അഭിഭാഷകരുടെ വാദം. എ. രാജയെ കുറ്റവിമുക്തമാക്കിയ ഉത്തരവിനും വളരെ മുമ്പാണ് ദയാനിധി മാരനെ കുറ്റ വിമുക്തമാക്കി കൊണ്ടുള്ള ഉത്തരവ് ഉണ്ടായത് എന്നും ഷാഹിദ് ബല്‍വാ, വിനോദ് ഗോയങ്ക എന്നിവരുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: a raja two g spectrum case cbi approches delhi high court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..