ഛത്തീസ്ഗഢ്‌ : പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമാണ്. നിയന്ത്രണങ്ങളെ മറികടന്ന് റോഡിലിറങ്ങുന്നവരെ ബോധവല്‍ക്കരിച്ചും ശിക്ഷിച്ചുമെല്ലാം പോലീസ് വീടുകളിലേക്ക് മടക്കുകയാണ്. ചില പോലീസ് ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി വ്യത്യസ്തമാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നുമുണ്ട്. 

ഛത്തീസ്ഗഢിലുള്ള അഭിനവ് ഉപാധ്യായ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുപിടിച്ചത് സംഗീതത്തെയാണ്. ബിലാസ്പുരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കോളനിവാസികളോട് പുറത്തിറങ്ങാതെ വീടുകളിലിരിക്കാന്‍ അഭിനവ് ആവശ്യപ്പെട്ടത് ഒരു ഗാനത്തിലൂടെയായിരുന്നു. ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഏക് പ്യാര്‍ ക നഗ്മാ ഹെ എന്ന ഗാനത്തിന്റെ ഈണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷ. 

ഘര്‍ മേ ഹി രഹ്നാ ഹെ..
ബാഹര്‍ നഹി ജാനാ ഹെ..
സാനിറ്റൈസര്‍ ലഗാനാ ഹെ 
ഹാത്ത് ധോത്തെ ഹി ജാനാ ഹെ
മില്‍ കെ അബ് ഹം കൊ കോറണ കൊ ഹടാനാ ഹെ...
എന്നിങ്ങനെയായിരുന്നു വരികള്‍.

(പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ ഇരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൈ കഴുകണമെന്നും കൊറോണക്കെതിരെ ഒന്നിച്ചുനിന്നുപോരാടാമെന്നുമാണ് ഈ വരികളുടെ അര്‍ഥം)

പോലീസ് ഉദ്യോഗസ്ഥന്റെ പാട്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൊറോണ ഹെല്‍മെറ്റ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ ഇറങ്ങിയവരെ ബോധവല്‍ക്കരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

Content Highlights:A policeman, Abhinav Upadhyay sings a song to spread awareness about Covid 19