സൈറസ് മിസ്ത്രി , അപകടത്തിൽപ്പെട്ട കാറ്
മുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച ഡോക്ടര്‍ അനിതാ പണ്ഡോളെ നിരന്തരം ഗതാഗത നിയമം ലംഘിച്ചിരുന്നതായി കണ്ടെത്തല്‍. സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അനിതാ പണ്ഡോളെയുടെ അശ്രദ്ധമൂലമാണെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതായുള്ള കണ്ടെത്തല്‍.
ഈ വര്‍ഷം ഒക്ടോബര്‍ നാലിനുണ്ടായ അപകടത്തില്‍ ടാറ്റ ഗ്രൂപ്പ് മുന്‍ചെയര്‍മാനായ സൈറസ് മിസ്ത്രി, സുഹൃത്ത് ജഹാംഗീര്‍ പണ്ഡോളെ എന്നിവരാണ് കൊല്ലപ്പെട്ടത്. അനിതാ പണ്ഡോളയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ കൂടിയാണ് ജഹാംഗീര്‍ പണ്ഡോളെ.
2020-നും 2022-നുമിടയില്‍ അനിതാ പണ്ഡോളെയുടെ പേരില്‍ ഗതാഗത നിയമ ലംഘനത്തിന് 19 തവണ ഇ-ചലാനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 11 തവണയും അമിത വേഗതയില്‍ വാഹനമോടിച്ചതിനായിരുന്നുവെന്നും പോലീസ് പറയുന്നു. അപകടത്തില്‍പ്പെട്ട കാറിനുതന്നെയാണ് ഇത്രയും പിഴകള്‍ ലഭിച്ചിട്ടുള്ളത്. മുംബൈ ട്രാഫിക് പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ലഭ്യമാക്കിയതെന്ന് പാല്‍ഘര്‍ പോലീസ് അറിയിച്ചു. അനിതാ പണ്ഡോളക്കെതിരായ കുറ്റപത്രത്തില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട ബെന്‍സ് കാര്‍ ജെ.എം.ഫിനാന്‍ഷ്യലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഭര്‍ത്താവ് പണ്ഡോളെയുടെ ഉടമസ്ഥതയിലുള്ള കാറ് അനിതയാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമിതവേഗതയില്‍ വാഹമോടിച്ചതിന് ലഭിച്ച ഇ-ചലാനുകളില്‍ ഒമ്പതെണ്ണം 2021-ലാണ്. 2022-ല്‍ രണ്ടു തവണയാണ് പിഴ ലഭിച്ചത്. ആകെ ലഭിച്ച 19 നിയമലംഘന ഇ-ചലാനുകളില്‍ 17-ലും പിഴ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അപകട സമയത്ത് കാറ് എല്ലാ പരിധിയിലും ലംഘിച്ച് അമിത വേഗതയിലായിരുന്നുവെന്ന് ബെന്‍സ് കമ്പനിയും വിശകലന റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു. അപകടത്തിന് ഏതാനുംനിമിഷം മുമ്പുവരെ കാര്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നു - ബെന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാറിന്റെ പിന്‍സിറ്റിലുണ്ടായിരുന്ന മിസ്ത്രിയും ജഹാംഗീറും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വാഹനമോടിച്ചിരുന്ന അനിതയും ഭര്‍ത്താവ് ഡാരിയസ് പണ്ഡോളെയും പരിക്കുകളോടെ രക്ഷപ്പെട്ടു.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ഡാരിയസ് പണ്ഡോളെയുടെ മൊഴി പോലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. വേഗതയെ തുടര്‍ന്ന് അനിതയ്ക്ക് പെട്ടെന്ന് കോണ്‍ക്രീറ്റ് ബാരിക്കേഡ് വെട്ടിച്ച് മാറ്റാന്‍ സാധിച്ചില്ലെന്നാണ് ഡാരിയസ് പറഞ്ഞത്. മെഡിക്കല്‍ സംഘത്തിന്റെ അനുമതി പത്രം ലഭിക്കാത്തതിനാല്‍ അനിതയുടെ മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ ആയിട്ടില്ല. കുറ്റപത്രത്തില്‍ അനിതയുടെ മൊഴി നിര്‍ബന്ധമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: A Pandole, booked for Cyrus Mistry accident, had 11 speeding tickets since 2020-POLICE
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..