ന്യൂഡല്‍ഹി: വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പുതടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പു തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി. അവര്‍ വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം ശേഖരിച്ചു. നയത്തിന് അന്തിമരൂപം നല്‍കാനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയവുമായി ചര്‍ച്ച നടന്നുവരികയാണ് ഇപ്പോള്‍. ഡിസംബറോടെ നയം പ്രഖ്യാപിക്കും.

നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തില്‍ മുന്നോട്ടുവെക്കുക. 2013-ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മാര്‍ഗരേഖയുടെ രൂപത്തിലുള്ളതാണ് 2013-ലെ മാര്‍ഗരേഖ. അതിനുപകരമായി, എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല എന്നും ഏതൊക്കെയാണ് സൈബര്‍ കുറ്റമെന്നും അല്ലാത്തതെന്നും പുതിയ നയത്തില്‍ വ്യക്തത വരുത്തും. ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വിവര സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചിരുന്നു.

Content Highlights:A new policy is coming to ensure cyber security