ദിസ്പുര്‍: അസമിലെ ജനകീയനായ കോൺഗ്രസ് എംഎല്‍എ രൂപ്ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. യുവനേതാക്കളുടെ വാക്കുകളും അഭിപ്രായങ്ങളും കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ പതനം തുടരുമെന്നും പറഞ്ഞുകൊണ്ടാണ് രൂപ്ജ്യോതി കുര്‍മി പാര്‍ട്ടി വിട്ടിരിക്കുന്നത്.

നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്‍മി എംഎല്‍എ സ്ഥാനവും രാജിവെച്ചാണ് പാര്‍ട്ടി വിട്ടത്. തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് മാസം പോലും പൂര്‍ത്തിയായിട്ടില്ല.ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രധാനമുഖങ്ങളിലൊന്നായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അസമിലെ പാര്‍ട്ടിയുടെ യുവ സാന്നിധ്യമായിരുന്ന കുര്‍മിയുടെ രാജി.

കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച തനിക്ക് പാര്‍ട്ടി വിടാനുള്ള തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്നും തന്റെ അമ്മ മുന്‍ മന്ത്രിയായിരുന്നുവെന്നും കുര്‍മി പറഞ്ഞു.

അസം നിയമസഭയില്‍ കോണ്‍ഗ്രസിന് 29 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്നു കുര്‍മി.

'ഞാന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. ഞങ്ങള്‍ വളര്‍ന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിലാണ്. ഞാന്‍ പോസ്റ്ററുകള്‍ വിതരണം ചെയ്ത് നടന്നിട്ടുണ്ട്. യോഗങ്ങളില്‍ ചായ വിളമ്പിയിട്ടുണ്ട്. എന്റെ അമ്മ ഒരു മന്ത്രിയായിരുന്നു. ഞാന്‍ കോണ്‍ഗ്രസിന്റെ പടയാളിയായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം വിഷമകരമായിരുന്നു' എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'എഐയുഡിഎഫുമായി സഖ്യമുണ്ടാക്കരുതെന്ന തന്റെ നിര്‍ദേശം പാര്‍ട്ടി അവഗണിച്ചു. അപ്പര്‍ അസമില്‍ ഈ തീരുമാനം പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ എന്റെ വാക്ക് കേട്ടില്ല. പക്ഷേ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തെളിഞ്ഞു. ഡല്‍ഹിയിലേയും അസമിലേയും ഹൈക്കമാന്‍ഡ് ഇത് ശ്രദ്ധിച്ചില്ല. യുവാക്കള്‍ വളരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. തേയില തൊഴിലാളികളോ ഗോത്ര വര്‍ഗക്കാരില്‍ നിന്നുള്ളവരോ പിന്നാക്ക വിഭാഗങ്ങളിലേയോ യുവ നേതാക്കളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടൊക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകാന്‍ തീരുമാനിച്ചത്' കുര്‍മി പറഞ്ഞു.

അസം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ താന്‍ ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി.

ഹിമാന്ത ബിശ്വ ശര്‍മ്മ സംസ്ഥാനത്തെ നയിക്കുന്ന രീതി പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ രീതി തന്നെ ആകര്‍ഷിച്ചിട്ടുണ്ട്.കോണ്‍ഗ്രസിന്റെ പതനം അസമില്‍ മാത്രമല്ല മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ പതനത്തിന് അദ്ദേഹം ഉത്തരവാദിയാണ്. രാഹുല്‍ ഗാന്ധിക്ക് പ്രാധാന്യം നല്‍കിയാല്‍ കോണ്‍ഗ്രസ് ദുരിതം തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.