'അബുജി, എത്ര നാളായി കണ്ടിട്ട്, എനിക്ക് നിങ്ങളെ കാണണം, പുറത്ത് വരൂ, നിങ്ങളെ ആരും ഒന്നും ചെയ്യില്ല...'നാലു വയസുകാരന്‍ അഫ്ഫാന്‍ തന്റെ പിതാവിനോട് അപേക്ഷിക്കുകയാണ് ആ വീഡിയോയില്‍. പക്ഷെ അഫ്ഫാന്റെ സങ്കടം കേട്ടലിയുന്നതല്ലായിരുന്നു അഖ്വിബ് അഹമ്മദ് മാലിക്ക് എന്ന തീവ്രവാദിയുടെ മനസ്. മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മറ്റു മൂന്ന് ഭീകരര്‍ക്കൊപ്പം അയാള്‍ കൊല്ലപ്പെട്ടു. 

അഫ്ഫാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ അവന്റെ അമ്മയും തന്റെ ഭര്‍ത്താവിനോട് സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അഫ്ഫാനും അഫിയയും മരിക്കുമെന്നും പുറത്തു വരാന്‍ ഒരുക്കമല്ലെങ്കില്‍ ആദ്യം തന്നെ വെടിവെച്ച് കൊല്ലണമെന്നും നിസ്സഹായയായ ആ സ്ത്രീ അയോളോട് ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് മാലിക് ഭീകരസംഘടനയിലെ അംഗമായത്. ഷോപ്പിയാനില്‍ ഒളിവില്‍ കഴിഞ്ഞ വീടിന് സമീപത്ത് നിന്നാണ് മാലിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. തിരഞ്ഞെത്തിയ സൈനികര്‍ക്ക് നേരെ തുടരെ വെടിയുതിര്‍ത്ത ഭീകരരെ നേരിടുക എന്നത് മാത്രമാണ് സൈന്യത്തിന് ചെയ്യാനുണ്ടായിരുന്നത്. കാരണം സുരക്ഷാസേനകളുടെ ജാഗ്രതയും ധീരതയുമാണ് കശ്മീരിനെ സംരക്ഷിച്ചു പോരുന്നത്. കീഴടങ്ങാന്‍ അവസരം നല്‍കിയാലും പലപ്പോഴും ഭീകരര്‍ തയ്യാറാവാത്തതും അക്രമണത്തിന് മുതിരുന്നതും അവരുടെ തന്നെ ജീവന്‍ നഷ്ടപ്പെടുത്തുന്നു. 

ഒളിവിടത്തിന് സമീപമെത്തിയ സേന ലൗഡ് സ്പീക്കറിലൂടെ കീഴങ്ങാന്‍ തുടരെ ആവശ്യപ്പെടുന്നതിന്റെ  വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കീഴടങ്ങാന്‍ മാലിക്കിനെ പ്രേരിപ്പിക്കാനാണ് ഭാര്യയേയും മകനേയും കൊണ്ടു വന്നതെന്ന് മേജര്‍ ജനറല്‍ റാഷിം ബാലി പ്രതികരിച്ചു. മണിക്കൂറുകളോളം മാലിക് കീഴടങ്ങാന്‍ വേണ്ടി കാത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിക്കിന് പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നങ്കെിലും അയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ അത് തടയുകയും സൈന്യത്തിന് നേരെ വെടിവെക്കുകയും ചെയ്തു. ഒരു സൈനികന് പരിക്കേറ്റതോടെയാണ് പ്രത്യാക്രമണത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭീകരര്‍ കീഴടങ്ങുമെന്നായിരുന്നു പ്രതീക്ഷയെന്നും പകരം അവര്‍ ആക്രമിക്കുകയാണ് ചെയ്തതെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയകുമാര്‍ പറഞ്ഞു. തദ്ദേശീയരായ ഭീകരരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെഷ്‌കര്‍ ത്വയിബ സംഘടനയിലെ അംഗങ്ങളാണ് മരിച്ച നാല് പേര്‍. പക്ഷെ ലെഷ്‌കര്‍-ഇ-മുസ്തഫയിലെ അംഗങ്ങളാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെട്ടതായും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

അയാള്‍ തിരികെയെത്തണമെന്ന് തന്നെയായിരുന്നു തങ്ങള്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടി തങ്ങള്‍ ഏറെ നേരം കാത്തിരുന്നതായും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 

 

 

 

Content Highlights: A Kashmiri Child's Plea to Holed up Militant Father Fails, Body Found after Encounter