ന്യൂഡല്‍ഹി: ഇനിയെങ്കിലും പാകിസ്താന്‍ സര്‍ക്കാര്‍ ശരിയായ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാക് തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ പ്രതിരോധ മന്ത്രി കൂടിയായ എ.കെ ആന്റണി. 

പാകിസ്താന് ഇന്ത്യന്‍  സൈന്യത്തിന്റെ ശക്തിയെയോ മനോബലത്തെയോ നേരിടാന്‍ ഒരിക്കലും സാധ്യമല്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.  ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാകിസ്ഥാന് പരാജയം മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് ഓര്‍മ്മപ്പെടുത്തിയ ആന്റണി ഇനിയെങ്കിലും അവര്‍ പാഠം പഠിക്കണമെന്നും, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി താവളങ്ങളെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു.  ഇല്ലെങ്കില്‍  ഇതിനെക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നത് പാകിസ്ഥാനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യോമസേനയുടെ നേതൃത്വത്തില്‍ പാക് ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്.  ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും, കണ്‍ട്രോള്‍ റൂമുകളും മിന്നലാക്രമണത്തില്‍ തകര്‍ത്തു. അത്യാധുനിക മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് മിന്നലാക്രമണത്തില്‍ പങ്കെടുത്തത്. 200ല്‍ അധികം ഭീകരര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highight: A.k antony Response on India destroys terror camps in Pakistan