ന്യൂഡല്‍ഹി: കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക എന്നൊരു പ്രയോഗമുണ്ട്. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയി ഗ്രാമത്തില്‍ ചെന്ന് സോനേലാലാനെ ചോദിച്ചാല്‍ മതി. അത് ഒരു അഡാറ് പ്രയോഗമാണ് എന്നു മനസ്സിലാകും. 

ശനിയാഴ്ചയാണ് ശുക്ലപുര്‍ ഭഗറില്‍ ഒരു കര്‍ഷകന്‍ ബോധരഹിതനായി വീണു കിടക്കുന്നു എന്ന് ഫോണ്‍കോള്‍ 108 ആംബുലന്‍സിലേക്ക് വന്നത്. ആശുപത്രിയിലെത്തി ബോധം തെളിഞ്ഞയുടന്‍ അയാള്‍ പറഞ്ഞതു കേട്ട് നിന്നവരെല്ലാം ഞെട്ടി. കഥയിങ്ങനെയാണ്...

ഒരു പാമ്പ് എന്ന കടിച്ചു. ഞാനതിന്റെ തലയില്‍ തന്നെ പിടികൂടി. തലകടിച്ചു പറിച്ചു തിന്നു. അത് ചത്തു പോയി. അല്ലാതെ ഞാനൊന്നും ചെയ്തില്ല എന്ന ഭാവത്തില്‍ അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി. ഞാന്‍ അതിനേയും കൊണ്ട് ഗ്രാമത്തിലേക്ക് വന്നു. ദേഷ്യം തീരാതെ വീണ്ടും വീണ്ടും തലയില്‍ തന്നെ കടിച്ചു പറിച്ചു....

പക തീര്‍ക്കാന്‍ പാമ്പിനെ വീണ്ടും വീണ്ടും കടിക്കുക!.. ജീവിതത്തില്‍ ഇതേപോലൊരു കേസ് ഇതുവരെ കണ്ടിട്ടില്ലെന്ന് ഡോക്ടര്‍ സഞ്ജീവ് കുമാര്‍ പറയുന്നു.  

പാമ്പ് കടിച്ചതായി സോനേലാല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കടിയേറ്റ ഒരു പാടുപോലും കണ്ടെത്താനായിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ദേഷ്യം മൂത്ത് പാമ്പിന്റെ തല പകുതിയോളമാണ് ഇയാള്‍ കടിച്ചുതിന്നുകളഞ്ഞത്. 

സോനേലാല്‍ കടിച്ചത് ഒരു പെരുമ്പാമ്പിന്റെ കുട്ടിയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.