ല്ലാ നായകൾക്കുമുണ്ടാകും ഒരു ദിനമെന്നൊക്കെ പറയാനെളുപ്പമാണെങ്കിലും തന്നെ ആക്രമിക്കാന്‍ പിന്നാലെ പാഞ്ഞ പുള്ളിപ്പുലിയ്‌ക്കൊപ്പം അടച്ചിട്ട മുറിയില്‍ മണിക്കൂറുകള്‍ ചെലവിടേണ്ടി വന്ന ഒരു നായയുടെ മാനസികാവസ്ഥയെ കുറിച്ച് നമ്മള്‍ മനുഷ്യര്‍ക്ക് സങ്കല്‍പിക്കേണ്ട ആവശ്യമില്ല. എന്തായാലും ഒമ്പത് മണിക്കൂര്‍ നേരത്തോളം പുള്ളിപ്പുലിക്കൊപ്പം കഴിയാനുള്ള യോഗം 'ഭാഗ്യവാനായ' ആ നായക്കുണ്ടായിരുന്നുവെന്ന് വേണമെങ്കില്‍ കരുതാം. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഒരു ടോയ്‌ലറ്റിനുള്ളില്‍ കുടുങ്ങിപ്പോയ നായുടേയും പുള്ളിപ്പുലിയുടേയും ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കര്‍ണാടകയിലെ ബിലിനെലെ ഗ്രാമത്തിലാണ് സംഭവം. പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാനാണ് നായ ഒരു വീടിന്റെ ശൗചാലയത്തിലേക്ക് പാഞ്ഞു കയറിയത്. പിന്നാലെയെത്തിയ പുലിയും നേരെ അവിടേക്ക് കയറി. കണ്ടു നിന്ന വീട്ടുകാരും വിട്ടില്ല, ടോയ്‌ലറ്റിന്റെ വാതിലടച്ച് അവര്‍ സെയ്ഫായി. 

വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിന്നീട് വനം വകുപ്പിനെ വിവരമറിയിച്ചു. വാതിലടച്ച ശേഷം ശുചിമുറിയില്‍ നിന്ന് അനക്കമൊന്നുമുണ്ടായില്ല. മണിക്കൂറുകള്‍ക്ക് ശേഷം വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ചയാണ് കസ്വാന്‍ ഷെയര്‍ ചെയ്തത്. വാതിലിന് സമീപം കുത്തിയിരിക്കുന്ന നായയും ഇവനേതാ എന്ന മട്ടില്‍ ശുചിമുറിയുടെ ഒരു മൂലയില്‍ പതുങ്ങിക്കിടക്കുന്ന പുള്ളിപ്പുലിയും. കുളിമുറിയൂടെ ജനാലയിലൂടെയാണ് ചിത്രം പകര്‍ത്തിയത്. 

 ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത് എന്നു കൂടി കസ്വാന്‍ തന്റെ പോസ്റ്റിലെ കുറിപ്പില്‍ ചേര്‍ത്തിരുന്നു. സ്ഥലത്തെ പ്രധാന പയ്യന്‍സാണ് പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെട്ട നായയെന്ന് കസ്വാന്‍ ട്വീറ്റില്‍ പറയുന്നു. കസ്വാന്റെ പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ചത്. ഇരു മൃഗങ്ങളേയും വനംവകുപ്പുദ്യോഗസ്ഥര്‍ മോചിപ്പിച്ചിരുന്നു.

 

Content Highlights: A Dog And A Leopard Stuck In Toilet For Hours