മധുര: കോവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ വിവാഹങ്ങൾ നടത്തുന്നതിന് കടുത്തനിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതിനിടയിൽ വിമാനത്തിനുളളിൽ വിവാഹം നടത്തി മധുരയിലെ ദമ്പതികൾ. മധുരയിൽ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയിൽ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

മധുരയിൽ നിന്ന് ബെംഗളുരുവിലേക്കാണ് സ്പൈസ് ജെറ്റിന്റെ ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തിരുന്നത്. വിമാനത്തിൽ വധൂവരന്മാരെ കൂടാതെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പടെ 160 പേർ ഉണ്ടായിരുന്നു. വധൂവരന്മാരുടെ വേഷത്തിൽ തന്നെയായിരുന്നു രാകേഷും ദക്ഷിണയും.

യാത്രാമധ്യേ വിമാനത്തിൽ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വരനും വധുവിനും ചുറ്റുമായി ബന്ധുക്കളായ സ്ത്രീകളും ക്യാമറാമാൻമാരും നിൽക്കുന്നത് കാണാം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നടന്ന വിവാഹത്തിൽ പലരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് പശ്ചാത്തലത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്നാട് സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിവാഹം നടന്നിരിക്കുന്നത്.

'സ്പൈസ്ജെറ്റിന്റെ ചാർട്ടേഡ് ഫ്ളൈറ്റ് കഴിഞ്ഞ ദിവസമാണ് മധുരയിൽ നിന്ന് ബുക്ക് ചെയ്യുന്നത്. എയർപോർട്ട് അധികൃതർ ആകാശത്ത് വെച്ച് നടക്കുന്ന വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.' എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

സംഭവം വിവാദമായതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Content Highlights:A couple tied the knot on-board a chartered flight from Madurai