മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് ഈ വര്‍ഷം ആദ്യം മുംബൈക്ക് സമീപം ഒരു ബംഗ്ലാവിനുള്ളില്‍ നടന്ന അശ്ലീല ചിത്രീകരണം പോലീസ് റെയ്ഡ് ചെയ്തതും അതിനേത്തുടര്‍ന്ന് നടന്ന അന്വേഷണവും. ഫെബ്രുവരിയില്‍ ആരംഭിച്ച അന്വേഷണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും സമീപ കാലത്ത് ശക്തമായതായും ഇത് രാജ് കുന്ദ്രയില്‍ എത്തിയതായും പോലീസ് പറഞ്ഞു. 

വടക്കന്‍ മുംബൈയിലെ മാദ് ദ്വീപിലെ ഒരു ബംഗ്ലാവില്‍ ഈ വര്‍ഷം ഫെബ്രുവരി 4 നാണ് പോലീസ് റെയ്ഡ് നടത്തിയത്. അശ്ലീല ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയ കേസില്‍ അഞ്ച് പേരെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. രണ്ട് പേരുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് റെയ്ഡ് നടത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബംഗ്ലാവില്‍ നിന്ന് രക്ഷപെടുത്തിയ ഒരു സ്ത്രീയെ പരാതിക്കാരിയാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

റെയ്ഡിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് അശ്ലീല ചിത്രങ്ങളുടെ നിര്‍മാതാവായ റോവ ഖാന്‍, നടി ഗെഹ്ന വസിഷ്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണം യുകെ ആസ്ഥാനമായുള്ള കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്തിരുന്ന ഉമേഷ് കാമത്തിലേക്ക് എത്തുകയായിരുന്നു.

രാജ് കുന്ദ്രയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു ഉമേഷ് കാമത്ത്. ചോദ്യം ചെയ്യലിനിടയില്‍ ഉമേഷ് കാമത്താണ് രാജ് കുന്ദ്രയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കാമത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള അന്വേഷണവുമാണ് പോലീസിനെ രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. ഇയാളുടെ പേര് നേരത്തെ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലായിരുന്നുവെന്നാണാണ് പോലീസ് വ്യക്തമാക്കുന്നത്. 

ആപ്പിന്റെ ഉടമസ്ഥത കെന്റിനായിരുന്നെങ്കിലും രാജ് കുന്ദ്രയുടെ മുംബൈ ആസ്ഥാനമായുള്ള വിയാന്‍ ഇന്‍ഡസ്ട്രീസാണ് ഹോട്ട്‌ഷോട്ട്‌സ് ആപ്ലിക്കേഷന്റെ നടത്തിപ്പുകാരെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ കടുത്ത നിയമങ്ങള്‍ മറികടക്കുന്നതിനായി ക്ലിപ്പുകള്‍ അപ്ലോഡ് ചെയ്യാന്‍ കെന്റിന്‍ ഉപയോഗിച്ചതായി പോലീസ് കരുതുന്നു. ക്ലിപ്പുകള്‍ ഇന്ത്യയില്‍ ചിത്രീകരിച്ചതായും വി ട്രാന്‍സ്ഫര്‍ ഉപയോഗിച്ച് യുകെയിലേക്ക് മാറ്റിയ ശേഷം മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ റിലീസ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.

Content Highlights: A Bungalow Raid Led To Shilpa Shetty's Husband Raj Kundra's Arrest