മീററ്റ്: യുപിയിലെ മീററ്റില്‍ പെണ്‍കുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നുചാക്കുകള്‍ക്കുളളിലായി കുഞ്ഞിനെ വെച്ച് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയവരാണ് ചാക്കിനുളളില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ചാക്കിനുളളില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒന്നിന് പിറകേ ഒന്നായി മൂന്നുചാക്കുകള്‍ നീക്കിയ ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്.
കുഞ്ഞിനെ കണ്ടെത്തിയതിനെ തുര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
ഒരു നവജാത ശിശുവിനെ കണ്ടെത്തിയെന്ന് പറഞ്ഞ് ശതാബ്ദി നഗറില്‍ നിന്ന് ഒരു ഫോണ്‍കോള്‍ ലഭിക്കുകയായിരുന്നു. ഉടന്‍ ഒരു സംഘം പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. കുട്ടിയെ ഉടന്‍ ജില്ലാ വനിതാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സ ഉടന്‍ നല്‍കി. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ആരോഗ്യവതിയാണ്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.' പോലീസ് ഓഫീസര്‍ ഡോ.അഖിലേഷ് നാരായണ്‍ സിങ് പറഞ്ഞു.
ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍ഭ്രൂണഹത്യയുള്‍പ്പടെ നിലവിലുണ്ട്. നിരവധി പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്താറുമുണ്ട്.
Content Highlights:A baby girl was found stuffed inside three gunny bags on the side of a road