ന്യൂഡൽഹി: കഴിഞ്ഞ പത്തുദിവസങ്ങളായി കർഷകനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ സമരംചെയ്തിരുന്ന കർഷകൻ മരിച്ചു.
സിംഘു അതിർത്തിയിൽ ഗ്രാമവാസികൾക്കൊപ്പം സമരത്തിലേർപ്പെട്ടിരുന്ന 32കാരനായ അജയ് മോർ എന്ന കർഷകനാണ് മരിച്ചത്. ഹരിയാണ സോനിപത് സ്വദേശിയാണ് അജയ്. ഹൈപ്പോതെർമിയയാണ് മരണകാരണം എന്നാണ് അനുമാനം. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ് അജയുടെ കുടുംബം.
കടുത്ത ശൈത്യം വകവെക്കാതെയാണ് കർഷകർ സമരരംഗത്തുളളത്. കർഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അഞ്ചോളം മരണങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കർഷകസംഘടനകൾ ആഹ്വാനംചെയ്ച ബന്ദിൽ പല സംസ്ഥാനങ്ങളിലും റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചൊവ്വാഴ്ച വൈകീട്ട് പതിനഞ്ചോളം കർഷക സംഘടനകൾ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകാത്ത സാഹചര്യത്തിൽ കൃഷിമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് പ്രതിഷേധവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾ ചർച്ചചെയ്യുന്നതിനായി കർഷകർ സിംഘു അതിർത്തിയിൽ യോഗം ചേരുന്നുണ്ട്.
Content Highlights:A 32 year old farmer, who is protesting near delhi border against farm laws, dies