ന്യൂഡല്‍ഹി: ശ്രമിക് തീവണ്ടികളില്‍ വച്ച് 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദീപക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതെന്ന് പിയൂഷ് ഗോയല്‍ അറിയിച്ചു. 

97-ല്‍ 87 മൃതദേഹങ്ങള്‍ സംസ്ഥാനങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. ഇതില്‍ 51 പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ റെയിവേയ്ക്ക് ലഭിച്ചു. 

ലോക്ഡൗണ്‍ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് ലോക്‌സഭയില്‍ തൊഴില്‍ മന്ത്രാലയമാണ് അറിയിച്ചിരുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. 

മെയ് ഒമ്പത് മുതല്‍ 27 വരെ മാത്രം 80 ഓളം കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി ആര്‍.പി.എഫിന്റെ മെയ് മാസ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് ഏര്‍പ്പാടാക്കിയ പ്രത്യേക സര്‍വീസുകളാണ് ശ്രമിക് തീവണ്ടികള്‍.

Content Highlights: 97 migrants died on Shramik special trains, says Railways