മുംബൈ: ഭീകര സംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റുചെയ്തത്. രാസവസ്തുക്കള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലര്‍ത്തി കൂട്ടക്കൊല നടത്താനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് കരുതുന്നു. കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പിടിയിലായവരില്‍ കുപ്രസിദ്ധ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനും ഉള്‍പ്പെടുന്നു. കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനുനേരെ റഷീദ് മലബാറിയുടെ സംഘം നേരത്തെ ബാങ്കോക്കില്‍വച്ച് ആക്രമണം നടത്തിയിരുന്നു. ഛോട്ടാ രാജന്‍ പിന്നീട് പിടിയിലായി.

ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ അക്രമണത്തിന് മുമ്പുതന്നെ ഇവര്‍ പിടിയിലായി. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് ഇവര്‍ പിടിയിലായത്. 17 വയസുകാരനും സംഘത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Content Highlights: 9 with ISIS links may have been planning mass murder at Kumbh Mela