ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റന്‍ പാറകള്‍ വീണാണ് അപകടമുണ്ടായത്. മലയുടെ മുകളില്‍നിന്ന് പാറക്കഷ്ണങ്ങള്‍ വീണ് പാലം തകരുകയും ചെയ്തിട്ടുണ്ട്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. മലയുടെ മുകളില്‍ നിന്ന് പതിച്ച വലിയ പാറകഷ്ണങ്ങള്‍ വീണ് സാംഗ്ല താഴ്‌വരയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകള്‍ തകര്‍ന്നു.

അപകടം നടന്ന സ്ഥലത്ത് ഇന്തോ-ടിബറ്റന്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. സ്ഥലത്ത് ഡോക്ടര്‍മാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ നിരവധി മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ദുഃഖം രേഖപ്പെടുത്തി. കനത്തമഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിലുണ്ടാകുന്നത് ഹിമാചലില്‍ കുറച്ചുകാലമായി പതിവായിട്ടുണ്ട്.

Content Highlights: 9 tourists killed in a landslide at Himachal Pradesh