ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ അറസ്റ്റ് ചെയ്ത അല്‍ ഖ്വായ്ദ തീവ്രവാദികള്‍ ആക്രമണ ലക്ഷ്യങ്ങള്‍ക്കായി ആയുധങ്ങള്‍ സംഭരിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലുള്ള ഇവരുടെ കമാന്‍ഡര്‍ ഉറപ്പുനല്‍കിയിരുന്ന ആയുധങ്ങള്‍ക്കായി ജമ്മു കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കവേയാണ് ഇവര്‍ അറസ്റ്റിലായത്.
സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി അലുമിനിയം പൗഡര്‍, പൊട്ടാസ്യം പെര്‍ക്ലോറേറ്റ് എന്നീ രാസവസ്തുക്കള്‍ ഇവര്‍ സംഭരിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. അറസ്റ്റ് ചെയ്ത ചിലര്‍ താമസിച്ചിരുന്ന ഇടങ്ങളില്‍ നിന്ന് പൈപ്പുകള്‍, വയറുകള്‍, സ്വിച്ചുകള്‍, ബോള്‍ട്ടുകള്‍, തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എന്നിവ എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്.
രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയതോതില്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് അല്‍ഖ്വായ്ദ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. വാട്ട്‌സ്ആപ്പ് വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു.
കേരളത്തില്‍ നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസ്സന്‍ പശ്ചിമ ബംഗാളില്‍ തീവ്രചിന്താഗതിക്കാരായവരുടെ ഇടയില്‍ സാമാന്യം അറിയപ്പെടുന്ന ആളാണ്. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകരമായ പോസ്റ്റുകള്‍ ഇട്ടിരുന്നു ഇയാള്‍. ഇയാളാണ് ഇന്ത്യയിലെ സംഘത്തെ ഏകോപിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നത്.
ഹസ്സനാണ് പാകിസ്താനിലെ അല്‍ഖ്വായ്ദ കമാന്‍ഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും ആയുധങ്ങള്‍ എത്തിക്കാമെന്ന് ഇയാള്‍ ഹസ്സന് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറസ്റ്റിലായ ഭീകരരില്‍ ചിലര്‍ നാടന്‍ തോക്കുകളും നിര്‍മിച്ചിരുന്നു. മൊസാറഫ് ഹൊസ്സീന്‍, ലിയു യീന്‍ അന്‍സാരി, നജ്മുസ് സാഖിബ്, യീക്കൂബ് ബിശ്വാസ്, അതിതുര്‍ റഹ്മാന്‍, അബു സുഫിയാന്‍, അല്‍ മമൂം കമല്‍ തുടങ്ങിയവരും സ്‌ഫോടകവസ്തുക്കളും പണവും കണ്ടെത്തിക്കൊണ്ടിരിക്കുകയായിരുന്നു.
Courtesy: News18
Content highlights: 9 Suspected Jihadists Arrested by NIA Were Promised Weapons by al-Qaeda Commander