ചന്ദ്രാപൂര്‍: മഹാരാഷ്ട്രയില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പുള്ളിപ്പുലി കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ നിന്ന് അര കിലോമീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 

കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ രക്ഷിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുള്ളിപ്പുലി കടിച്ചെടുത്ത് കാട്ടിലേക്ക് പോകുകയായിരുന്നു. കുഞ്ഞിനെ പുള്ളിപ്പുലി കൊണ്ടുപോകുന്നത് രക്ഷിതാക്കള്‍ അറിഞ്ഞില്ലെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ഗോണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.

കുഞ്ഞിനെ കാണാതായതോടെ രക്ഷിതാക്കള്‍ നാട്ടുകാരെയും ഫോറസ്റ്റ് അധികൃതരേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരകിലോമീറ്റര്‍ അകലെ നിന്ന് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുക്കുകയായിരുന്നു. പുള്ളിപ്പുലിയെ പിടികൂടാനായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൂടും ക്യാമറകളും സ്ഥാപിച്ചു.

content highlights:  9 Month Old Baby Killed By Leopard In Maharashtra