മരണം നടന്ന വീടിന് സമീപം പോലീസ് പരിശോധന നടത്തുന്നു
സംഗലി(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ സംഗലിയില്‍ ഒരേ കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്ന് 350 കി.മീ ദൂരെയുള്ള സംഗലിയിലെ മെയ്സല്‍ മേഖലയിലെ രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സഹോദരന്മാരായ പോപട് വന്മോര്, ഡോ. മാണിക് വന്മോര് അവരുടെ മാതാവ്, ഭാര്യമാര്‍, നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. വിഷം അകത്തുചെന്നാണ് ഒന്‍പതുപേരും മരിച്ചത് എന്നാണ് സൂചന. വെറ്ററിനറി ഡോക്ടറായ മാണിക് വന്‍മോറിനും അധ്യാപകനായ പോപട് വന്‍മോറിനും വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് വിവരം. നിരവധി ആളുകളില്‍നിന്നായി ഇവര്‍ പണം കടം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
പാല് വാങ്ങാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പോയ അയല്‍ക്കാരിയായ പെണ്‍കുട്ടിയാണ് മാണിക് വന്‍മോറിന്റേയും കുടുംബത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പോലീസിനെ വിവരമറിയിച്ചു. മരണവിവരം അറിയിക്കാനായി പോപട് വര്‍മയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ആ വീട്ടിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ട് വീടുകളില്‍ നിന്നും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചനയെങ്കിലും പോലീസ് അതീവഗൗരവത്തോടെ കേസ് അന്വേഷണം ആരംഭിച്ചതായി കോലാപുര്‍ ഐ.ജി മനോജ് കുമാര്‍ പറഞ്ഞു.കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ കൂട്ട ആത്മഹത്യയാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..