ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയേ തുടര്‍ന്ന് 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്‌തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. മെയ് 29 വരെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരമാണ് കണക്കുകള്‍. പകര്‍ച്ചവ്യാധി മൂലം 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായും ജസ്റ്റിസുമാരായ എല്‍.എന്‍.റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ പ്രത്യേകം സമര്‍പ്പിച്ച കുറിപ്പില്‍ മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു. 

2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിലെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അഭിഭാഷക സ്വരൂപമ ചതുര്‍വേദി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബീഹാറില്‍ 1,327, കേരളത്തില്‍ 952, മധ്യപ്രദേശില്‍ 712 എന്നിങ്ങനെയാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ'ബാല്‍ സ്വരാജി'ല്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് തുടരണമെന്നും കോവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കോവിഡിന്റെ കുതിച്ചുചാട്ടവും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും കണക്കിലെടുക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് സത്യവാങ്മൂലത്തില്‍ ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. സഹായം ആവശ്യമായ കുട്ടികളെ തിരച്ചറിയുകയും അനാഥരായ അല്ലെങ്കില്‍ ഒരു രക്ഷിതാവിനെ നഷ്ടപ്പെട്ട സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കുകയെന്നതാണ് ആദ്യപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

അതിനാല്‍, കോവിഡ് മൂലം ദുരിതത്തിലായവരും കുടുംബ പിന്തുണയില്ലാത്തവരുമാണെന്ന് കണ്ടെത്തിയ ഓരോ കുട്ടിയെയും 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് സെക്ഷന്‍ 31 പ്രകാരം ബന്ധപ്പെട്ട ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കണം. അത്തരം കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കാന്‍ 'ബാല്‍ സ്വരാജ്' എന്ന പോര്‍ട്ടല്‍ ആവിഷ്‌കരിച്ചതായി കമ്മീഷന്‍ അറിയിച്ചു.

Content Highlights: 9,346 Children Orphaned, Abandoned Or Lost A Parent To Covid, Child Rights Body Tells Top Court