ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധങ്ങളില്‍ 879 പേര്‍ അറസ്റ്റിലായതായി ഡിജിപി ഒ.പി.സിങ് അറിയിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതുള്‍പ്പടെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയ 5000 പേരെ പോലീസ് കരുതല്‍ തടങ്കിലിലാക്കിയിട്ടുണ്ട്. 

135 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 288 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്രമീകരണം ശക്തിപ്പെടുത്തി. പോലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ക്വിക്ക് റിയാക്ഷന്‍ ടീം എന്നിവര്‍ പ്രശ്‌നബാധിത മേഖലകളില്‍ പട്രോളിങ് നടത്തുന്നുണ്ട്. 

ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പ്രാദേശിക ഭരണകര്‍ത്താക്കളെയും സമുദായസംഘടനകളിലെ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പട്ട കണക്കെടുപ്പുകള്‍ നടന്നുവരികയാണ്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും അല്ലെങ്കില്‍ അവരുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഡിജിപി അറിയിച്ചു. 

Content Highlights: 879 arrested 135 cases registered: UP DGP OP Singh