ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പോലീസ് 22 കേസ് ഫയല്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 86 പോലീസുകാര്‍ക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പോലീസ് വ്യക്തമാക്കി.
'ഡല്‍ഹി പോലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും, റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാല്‍ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.'
നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹി ഐടിഒയിലേക്ക് വലിയ സംഘമായി പ്രതിഷേധക്കാരെത്തി. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പോലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ബാരിക്കേഡിനു സമീപം നിലകൊണ്ട പോലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്.
കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: 86 Cops Injured, 15 Cases Filed Over Tractor Rally Violence, Say Police