പുണെ: ശാന്താഭായി പവാറിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്ന് അനുമോദനവും ഒപ്പം സഹായവും ഈ എണ്‍പത്തഞ്ചുകാരിയെ തേടിയെത്തുകയാണ്. കൊറോണവ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം അനാഥരായ കുട്ടികളുള്‍പ്പെടെയുള്ള കുടുംബത്തിന്റെ അതിജീവനം വഴിമുട്ടിയ സന്ദര്‍ഭത്തിലാണ് ശാന്താഭായി പവാറിന്റെ വീഡിയോ വൈറലായത്. 

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ് ശാന്താഭായി. നഗരത്തിലെ തെരുവുകളില്‍ കുറുവടിയുപയോഗിച്ച് പ്രകടനം നടത്തിയാണ് ഇവര്‍ കുടുംബം പട്ടിണിയാകാതെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സിനിമകളിലും മറ്റും നാം കണ്ടു പരിചയിച്ച വടി ചുഴറ്റിയുള്ള പ്രകടനം വളരെ ലാഘവത്തോടെയും ഏറെ മികവോടെയുമാണ് ചെയ്യുന്നത്. ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കോ എന്ന് തോന്നും ശാന്താഭായിയുടെ പ്രകടനം കണ്ടാല്‍. രണ്ടു ലക്ഷത്തിലേറെ പേരാണ് എഎന്‍ഐ വെള്ളിയാഴ്ച  ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വീഡിയോ ഇതുവരെ കണ്ടത്. 

വീഡിയോ കണ്ട് ബോളിവുഡ് താരം റിതേഷ് മുഖര്‍ജിയുള്‍പ്പെടെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ക്കൊപ്പം പണമുള്‍പ്പെടെയുള്ള സഹായങ്ങളുമായെത്തിയത്. 'പോരാളി മുത്തശ്ശി'(warrior aaji) എന്നാണ് റിതേഷ് മുഖര്‍ജി ശാന്താഭായിയെ വിശേഷിപ്പിച്ചത്. സഹായവാഗ്ദാനവുമായി ഇദ്ദേഹം പോരാളി മുത്തശ്ശിയെ സമീപിക്കുകയും ചെയ്തു. എട്ടുവയസ് മുതലാണ് ശാന്താഭായി ഈ വിദ്യ അഭ്യസിച്ചതെന്നും ലോക്ക്ഡൗണിന്റെ കാലമല്ലായിരുന്നെങ്കില്‍ കുറേയേറെ സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രകടനം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും റിതേഷ് മുഖര്‍ജി പറഞ്ഞു. 

എന്തായാലും ഈ പ്രായത്തിലും ഒരു പാട് വയറുകള്‍ നിറയ്ക്കാന്‍ ഇത്തരമൊരു പ്രകടനവുമായി തെരുവിലേക്കിറങ്ങിയ ശാന്താഭായിയെ തേടി സഹായം പ്രവഹിക്കുകയാണ്. വീഡിയോ കണ്ട് നിരവധി പേര്‍ സഹായവുമായെത്തിയെന്ന് ഇവരുടെ കുടുംബാംഗം വ്യക്തമാക്കി.