ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിക്കു പിന്നാലെ ബാങ്ക് തട്ടിപ്പ് കേസുകളില്‍ മറ്റ് പല പ്രമുഖരും കുടുങ്ങുന്നു. അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു.

കോത്താരിയുടെ കാണ്‍പുറിലെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. കോത്താരിയെയും ഭാര്യയെയും മകനെയും സി ബി ഐ ചോദ്യം ചെയ്തിട്ടുമുണ്ട്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു റെയ്ഡ് ആരംഭിച്ചത്.

ബാങ്ക് ഓഫ് ബറോഡയുടെ പരാതിന്മേലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിനിടെ കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ ജാഗരണ്‍ ഗ്രൂപ്പ് ഉടമ സഞ്ജീവ് ഗുപ്തയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോത്താരി എത്തിയതോടെയാണ് ഈ അഭ്യൂഹത്തിന് വിരാമമായി.

അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ,യൂണിയന്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് 800 കോടിയോളം രൂപയാണ് കോത്താരി വായ്പ എടുത്തത്. 

2017 ഫെബ്രുവരിയില്‍ അലഹാബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ കോത്താരിയെ വായ്പാ തിരിച്ചടവില്‍ മനഃപൂര്‍വമായി മുടക്കം വരുത്തുന്നയാളായി പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ ഈ പ്രഖ്യാപനത്തിന് എതിരെ കോത്താരി അലഹാബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പാന്‍ മസാലാ ബ്രാന്‍ഡായ പാന്‍ പരാഗിന്റെയും ഉടമസ്ഥര്‍ കോത്താരിയുടെ കുടുംബമാണ്. 

content highlights: 800 crore bank fraud cbi arrests rotomac pen company owner vikram kothari