ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആര്‍. പഠനം. വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐ.സി.എം.ആറിന്റേത്. ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗത്തിനും കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം പറയുന്നു. 

അതേസമയം, വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെക്കുറവാണെന്നം പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരില്‍, 71 പേര്‍ കൊവാക്‌സിനും ബാക്കിയുള്ള 604 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പുമാണ് എടുത്തിരുന്നത്. രണ്ടുപേര്‍ ചൈനയുടെ സീനോഫാം വാക്‌സിനും സ്വീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച മൂന്ന് പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

ഐ.സി.എം.ആര്‍. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍

  • പഠനം നടത്തിയവരിൽ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% പേര്‍ക്ക്
  • കോവിഡ് പോസിറ്റീവ് ആയതില്‍ 9.8% പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുള്ളൂ. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്.
  • ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെയും മരണനിരക്കിനെയും കുറയ്ക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കുന്നു.
  • ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക്, മധ്യഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള 677 പേരെയാണ് പഠനവിധേയമാക്കിയത്. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പുര്‍, അസം, ജമ്മു കശ്മീര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്,  പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. 
  • 71% അല്ലെങ്കില്‍ 482 കേസുകളില്‍ ഒന്നോ അതില്‍ അധികമോ ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം 29 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 
  • പനി(69%)യാണ് കൂടുതല്‍ പേരിലും പ്രത്യക്ഷപ്പെട്ട ലക്ഷണം. ശരീരവേദന, തലവേദന, ഛര്‍ദി(56%), ചുമ(45%), തൊണ്ടവേദന(37%), മണവും രുചിയും നഷ്ടമാകല്‍(22%), വയറിളക്കം(6%), ശ്വാസംമുട്ടല്‍(6%), കണ്ണിന് അസ്വസ്ഥതയും മറ്റും അനുഭവപ്പെട്ടത്(1%).
  • ഡെല്‍റ്റ, കാപ്പ വകഭേദങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം പോസിറ്റീവ് ആയവരെ പ്രധാനമായും ബാധിച്ചത്. 
  • 71(10.5%) പേര്‍ കൊവാക്‌സിനാണ് സ്വീകരിച്ചിരുന്നത്. 604(89.2%) പേര്‍ കോവിഷീല്‍ഡും രണ്ടുപേര്‍(0.3%) സീനോഫാം വാക്‌സിനുമാണ് സ്വീകരിച്ചിരുന്നത്. 
  • മൂന്നുപേര്‍(0.4%) മരിച്ചു. 67 പേരെ അഥവാ 9.9% പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

content highlights: 80% of vaccinated indians who got covid 19 were infected by delta variant