പ്രതിജ്ഞയിലും രക്ഷയില്ല, ആളെ തികച്ച് മൂന്നാം ശ്രമത്തില്‍ ബിജെപിയില്‍; 'കോണ്‍ഗ്രസ് ഛോഡോ, ബിജെപി ജോഡോ'


സ്വന്തം ലേഖകന്‍

പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയുടേയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റേയും നേതൃത്വത്തില്‍ 2022 ജൂലായ് 10-ന് ആദ്യ കൂറുമാറ്റം ശ്രമം നടത്തിയെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപ്പെട്ട് അത് പരാജയപ്പെടുത്തുകയായിരുന്നു

ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനും മറ്റു നേതാക്കൾക്കുമൊപ്പം |ഫോട്ടോ:twitter.com/clive_alvares7

പനജി: ഗോവന്‍ രാഷ്ട്രീയത്തില്‍ കൂറുമാറ്റം പുതുമയുള്ളതല്ല. 2019-ല്‍ പ്രതിപക്ഷ നേതാവടക്കം എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് മാറിയതോടെ കോണ്‍ഗ്രസ് കണ്ടെത്തിയ മാര്‍ഗമായിരുന്നു സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് പ്രതിജ്ഞ എടുപ്പിക്കുക എന്നത്. പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും എത്തിച്ച് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും ശേഷവും കൂറുമാറില്ലെന്ന് പ്രതിജ്ഞ എടുപ്പിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് വര്‍ഷം ഒന്ന് തികയും മുമ്പേ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഇളക്കം തുടങ്ങി. രണ്ടു തവണ ചാടാനുള്ള ശ്രമം നടത്തിയെങ്കിലും കൂറുമാറ്റത്തില്‍ നിന്ന് രക്ഷപെടാനുള്ള ആളുകളുടെ എണ്ണം തികയ്ക്കാനാവത്തത് കാരണം നീക്കം പരാജയപ്പെട്ടു. ഇതോടെ ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം തിരക്കിലായതോടെ ആളെ തികച്ച് മൂന്നാം ചാട്ടം ഫലം കണ്ടിരിക്കുന്നു. 2019-ന് സമാനമായ സ്ഥിതി. 2019-ല്‍ 15-ല്‍ 10 എംഎല്‍എമാരുമായിട്ടാണ് പ്രതിപക്ഷ നേതാവടക്കം ബിജെപിയില്‍ പോയതെങ്കില്‍ ഇത്തവണ 11-ല്‍ എട്ടു പേരേയും കൊണ്ടാണ് പോയിരിക്കുന്നത്. അവശേഷിക്കുന്നത് മൂന്ന് എംഎല്‍എമാര്‍ മാത്രം.

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അവസാന കാലത്ത് 2019 ജൂലായ് 10-നാണ് കൂട്ട കൂറുമാറ്റം നടന്നതെങ്കില്‍ ആ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഇത്തവണയും അതേ തിയതിയാണ് തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയുടേയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റേയും നേതൃത്വത്തില്‍ 2022 ജൂലായ് 10-ന് ആദ്യ കൂറുമാറ്റം ശ്രമം നടത്തിയെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപ്പെട്ട് അത് പരാജയപ്പെടുത്തുകയായിരുന്നു.

ഗണേശ ചതുര്‍ത്ഥി വേളയിലായിരുന്നു രണ്ടാമത്തെ നീക്കം. മൂന്നില്‍ രണ്ട് എംഎല്‍എമാരേയും കൊണ്ട് ചാടിയാലെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനാകുകയുള്ളൂ. അല്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരും. കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. എട്ട് എംഎല്‍എമാര്‍ ഉണ്ടെങ്കിലേ മൂന്നില്‍ രണ്ടാകുകയുള്ളൂ. എട്ടാമത്തെ എംഎല്‍എയെ കൂടെക്കൂട്ടാന്‍ ദിഗംബര്‍ കാമത്തിനും മൈക്കിള്‍ ലോബോയ്ക്കും സാധിച്ചില്ല. എണ്ണം തികയാത്തത് കൊണ്ട് രണ്ടാമത്തെ നീക്കവും പരാജയപ്പെട്ടു.

എട്ടു പേരെ കിട്ടിയതോടെ മൂന്നാം തവണ ശ്രമം വിജയത്തിലേക്കെത്തിയിരിക്കുകയാണ്. നിയമസഭ ചേരാതിരിക്കുന്ന വേളയില്‍ ഇന്ന് രാവിലെ തന്നെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയതോടെ അഭ്യൂഹങ്ങള്‍ പരന്നു. തൊട്ടുപിന്നാലെ ഇവര്‍ ബിജെപിയില്‍ ചേരുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

പിന്നാലെ നിയമസഭയിലേക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്ത് എത്തി. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തു. ദിഗംബര്‍ കാമത്തിനും മൈക്കിള്‍ ലോബോയ്ക്കും പുറമെ മൈക്കിള്‍ ലോബോയുടെ ഭാര്യ കൂടിയായ ദലീല ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലകസിയോ സെക്വീറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജൂലായിയില്‍ നടന്ന ആദ്യ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് ദിഗംബര്‍ കാമത്തിനേയും മൈക്കിള്‍ ലോബോയേയും അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. മെക്കിള്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പകരം ആളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നില്ല. നേരത്തെ ബിജെപിയിലായിരുന്ന ലോബോ ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഭാരത് ജോഡോയ്ക്കിടയിലേറ്റ തിരിച്ചടി

ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപിയുടെ പ്രധാന വിമര്‍ശനമായിരുന്നു ആദ്യം പാര്‍ട്ടിയെ ഒരുമിപ്പിക്കൂ എന്നത്. കേരളത്തിലൂടെ ആവേശം തീര്‍ത്ത് ഭാരത് ജോഡോ മുന്നേറി കൊണ്ടിരിക്കുന്നതിനിടയിലാണ് ഗോവയില്‍ നിന്നുള്ള തിരിച്ചടിയേറ്റിരിക്കുന്നത്. ജോഡോ യാത്ര കേരളത്തില്‍ കൂടുതല്‍ ദിവസങ്ങളെടുക്കുന്നത് സംബന്ധിച്ച് സിപിഎമ്മുമായി വാക് പോര് നടത്തി വരുന്നതിനിടെ കൂടിയാണ് ഈ തിരിച്ചടി. കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും അവര്‍ ബിജെപിയിലേക്ക് പോകാനുള്ളവരാണെന്നുമുള്ള സിപിഎം വാദങ്ങള്‍ക്ക് ശക്തിപകരുന്നതുകൂടിയാണ് ഗോവയിലെ സംഭവവികാസങ്ങള്‍.

രണ്ടു തവണ അട്ടിമറി നീക്കം നടന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തിയിട്ടും എംഎല്‍എമാര്‍ കൂട്ടമായി പാര്‍ട്ടി വിട്ടത് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ജൂലായിലെ അട്ടിമറി ശ്രമങ്ങളെ തുടര്‍ന്ന് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രംഗത്തില്ലെന്നാണ് സൂചന. സെപ്തംബര്‍ 11-ന് മുകുള്‍ വാസ്‌നിക്കും ദിനേഷ് ഗുണ്ടുറാവുവും സംസ്ഥാനത്തെത്തി പുതിയ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു.

പ്രതിസന്ധി ബിജെപിയിലും

ദിഗംബര്‍ കാമത്തും മൈക്കിള്‍ ലോബോയും അടക്കമുള്ള നേതാക്കള്‍ വരുന്നത് ബിജെപിയിലെ ഒരു വിഭാഗത്തിന് താത്പര്യമില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ഭയം പല നേതാക്കള്‍ക്കുമുണ്ട്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ 40 അംഗ നിയമസഭയില്‍ ബിജെപിക്ക് 28 അംഗങ്ങളായി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ രണ്ടും മൂന്ന് സ്വതന്ത്രരുടേയും പിന്തുണ ബിജെപിക്കുണ്ട്. ഇതടക്കം 33 പേരാണ് ഭരണപക്ഷത്തുള്ളത്. പ്രതിപക്ഷത്ത് ഏഴ് എംഎല്‍എമാരായി ചുരുങ്ങുകയും ചെയ്യും.

കോണ്‍ഗ്രസ് ഛോഡോ, ബിജെപി ജോഡോ

'കോണ്‍ഗ്രസ് ഛോഡോ, ബിജെപി ജോഡോ' (കോണ്‍ഗ്രസ് വിടൂ, ബിജെപിയില്‍ ചേരൂ) ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മൈക്കിള്‍ ലോബോ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കരങ്ങള്‍ ശക്തിപ്പെടുത്താനാണ് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: 8 Goa Congress MLAsTo Join Ruling BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented