ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനത്തില്‍ ഏട്ടുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായതിനാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.
ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ട്രക്കിലെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായാണ് സൂചന.
ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. നിലവില്‍ എട്ടുപേരുടെ മരണമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ മരണ സംഖ്യ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സംഭവത്തേ തുടര്‍ന്ന് ഭൂചലനത്തിന് സമാനമായ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം മൂന്ന് ജില്ലകളില്‍ അനുഭവപ്പെട്ടെന്നാണ് ആളുകള്‍ പറയുന്നത്. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Content Highlights: 8 Dead In Blast At Quarry In Karnataka's Shivamogga, Area Sealed Off