-
അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ എട്ടു പേര്‍ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപ്പിടിത്തമുണ്ടായത്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍ മരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് രോഗികളെ പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ അപകട സമയത്ത് 45 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ള രോഗികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താവറിയിച്ചു.
സ്വന്തം സംസ്ഥാനത്തുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. തീപ്പിടിത്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് മോദി ആശംസിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുമായും മേയര്‍ ബിജാല്‍ പട്ടേലുമായി അപകടത്തെ കുറിച്ച് സംസാരിച്ചതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എട്ട് ഫയര്‍ എന്‍ജിനുകളും 10 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മുഖ്യമന്ത്രി വിജയ് രൂപാനി അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..