ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളില്‍ 8,000 കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നതായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കൃഷിക്കാര്‍ക്കു വായ്പ അനുവദിക്കുന്നതിനെ ഇത് കാര്യമായി ബന്ധിക്കുമെന്നും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കാത്തത് രാജ്യത്തെ റാബി കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും ഇതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു നില്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാങ്കുകളുടെ മാസാന്ത്യ കണക്കെടുപ്പില്‍ പഴയ നോട്ടുകള്‍ ഉള്‍പ്പെടുത്താനാവില്ല. ഇത് ബാങ്കുകളുടെ വരുമാനമില്ലാത്ത ആസ്തിയായി മാറുന്ന സാഹചര്യമാണുള്ളത്. സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. റിസര്‍വ്വ് ബാങ്കുകളോ മറ്റു ബാങ്കുകളോ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. ബാങ്കുകളുടെ മറ്റ് ആവശ്യങ്ങള്‍ കഴിഞ്ഞ് കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഈ ബാങ്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2016 നവംബര്‍ എട്ടിന് പ്രഖ്യാപിക്കപ്പെട്ട നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് നോട്ടുകള്‍ സ്വീകരിക്കുന്നതിനും മാറ്റിനല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാകാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു.