പൂനെ: കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76 വയസ്സുകാരി 'മൃതദേഹം' സംസ്‌കരിക്കുന്നതിന് തൊട്ട് മുന്‍പ് കണ്ണു തുറന്നു. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം തിരിച്ചുകിട്ടിയ വൃദ്ധ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശകുന്തള ഗെയ്ക്‌വാദ് എന്ന 76 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അവര്‍. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെയ് 10ന് ശകുന്തളയെ ആശുപത്രിയിലേക്ക് സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയി. കിടക്ക ഒഴിവില്ലാത്തതിനാല്‍ ആശുപത്രിക്ക് പുറത്ത് കാറില്‍ കാത്തിരിക്കുന്നതിനിടെയാണ് ശകുന്തളയുടെ ആരോഗ്യം മോശമാവുകയും ബോധം പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തത്.

ശകുന്തള മരണപ്പെട്ടതായി ബന്ധുക്കള്‍ ഉറപ്പിച്ചു. തിരിച്ച് വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശകുന്തള കണ്ണുതുറന്നതും ശബ്ദത്തില്‍ നിലവിളിച്ചതും. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ബാരാമതിയിലെ മുധാലേ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ബാരാമതി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അബോധാവസ്ഥയിലായ ശകുന്തളയെ ഡോക്ടറെ കാണിക്കാന്‍ ബന്ധുക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Covntent Highlights: 76-year-old Covid positive woman wakes up minutes before cremation in Baramati