കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്കായി സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ നല്‍കിയ പണത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ദുര്‍ഗാപൂജ കമ്മിറ്റികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം. 50,000 രൂപയാണ് ഗ്രാന്റായി കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, അരിജിത്ത് ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. 

പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ദുര്‍ഗാപൂജാ കമ്മിറ്റികള്‍ക്ക് ഖജനാവില്‍ നിന്ന് 50,000 രൂപ വീതം നല്‍കിയത് എന്തിനെന്നു വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള മതേതര ആവശ്യങ്ങള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. 

സര്‍ക്കാര്‍ നല്‍കുന്ന പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ വിശദീകരണം കേട്ടതിനുശേഷം കോടതി നിര്‍ദേശിച്ചു. ഗ്രാന്റിന്റെ 75 ശതമാനവും കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കണം. ഇതിന്റെ ബില്ലുകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണമെന്നും ദുര്‍ഗാപൂജാകമ്മിറ്റികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 25 ശതമാനം പൊതുജന-പോലീസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സ്ത്രീകളെ കമ്മ്യൂണിറ്റി പോലീസ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

സെപ്തംബര്‍ 24നാണ് സംസ്ഥാനത്തെ 36,946 ദുര്‍ഗാപൂജാ സംഘാടകര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. ദുര്‍ഗാപൂജ കോര്‍ഡിനേഷന്‍ യോഗത്തിലായിരുന്നു മമതയുടെ പ്രഖ്യാപനം. 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സിഐടിയു നേതാവായ സൗരവ് ദത്തയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദുര്‍ഗാപൂജാ ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് ഇന്ത്യയിലെ മതേതരത്വം എന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇത് ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

പണം ചെലവഴിക്കുന്നതിന്റെ ബില്ലുകള്‍ ബില്ലുകള്‍ അതത് ജില്ലകളിലെ അധികാരികള്‍ക്ക് ഓഡിറ്റിംഗിനായി സമര്‍പ്പിക്കണമെന്നും ദുര്‍ഗാ പൂജ അവധിക്കാലം കഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും, ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.