പനജി: ഗോവയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികള്‍ മരിക്കാനിടയായത് ഓക്‌സിജന്‍ അഭാവം മൂലമെന്ന് റിപ്പോര്‍ട്ട്. ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് രോഗികള്‍ മരിക്കാനിടയായത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനും രാവിലെ ആറ് മണിക്കുമിടയില്‍ 13 രോഗികള്‍ മരിച്ചു. വ്യാഴാഴ്ച 15 രോഗികളും ബുധനാഴ്ച 20 രോഗികളും ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ചയും 26 രോഗികള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 

മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയിലും വിതരണത്തിലും ഉണ്ടായ ചില പ്രതിസന്ധികളാണ് രോഗികളുടെ മരണത്തിനിടയാക്കിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം നടത്തണമെന്ന് പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള ചില ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

എന്നാല്‍ ഗോവയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ ഗോയല്‍ കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ സൂചനയുണ്ട്. മഹാരാഷ്ട്രയിലെ കോലാപുരില്‍ നിന്ന് അനുവദിച്ച 110 മെട്രിക ടണ്‍ ഓക്‌സിജന് പകരം 66.74 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് മേയ് ഒന്നിനും പത്തിനുമിടയില്‍ ഗോവയ്ക്ക് ലഭിച്ചതെന്ന് കത്തില്‍ പറയുന്നു. കോലാപുരില്‍ നിന്നാണ് നാല്‍പത് ശതമാനത്തോളം ഓക്‌സിജന്‍ ഗോവയ്ക്ക് ലഭിക്കുന്നത്. 

ഗോവ മെഡിക്കല്‍ കോളേജ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ആശുപത്രി വരാന്തകളില്‍ വരെ രോഗികള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ എത്തിക്കാനുള്ള അസൗകര്യം കൊണ്ട് രോഗികള്‍ മരിക്കാനിടയാകരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. ടാങ്കറുകളും ട്രാക്ടറുകളും ഓടിക്കാന്‍  ഡ്രൈവര്‍മാരില്ലാത്തതാണ് ഓക്‌സിജന്‍ വിതരണത്തിലെ പ്രധാന പ്രതിസന്ധിയെന്ന് സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. 

നിലവിലെ സാഹചര്യത്തെ കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി മെഡിക്കല്‍ കോളേജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം, ടാങ്കുകള്‍, കോണ്‍സന്‍ട്രേറ്ററുകള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ലഭ്യതയെ കുറിച്ചറിയിക്കണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനമാണ് ഗോവ-48.1 ശതമാനമാണ് നിരക്ക്. 33,000 ഓളം പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. 2000 ത്തോളം പേര്‍ ഇതു വരെ കോവിഡ് മൂലം മരിച്ചു.